സ്റ്റാൻ സ്വാമിയുടെ മരണത്തില്‍ മോദി സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്; വിമർശനവുമായി അമർത്യാ സെൻ
കോവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പൊതുജന ചർച്ചകള്‍ അടിച്ചമർത്തുകയാണെന്നും നൊബേൽ ജേതാവ് അമർത്യാ സെൻ വിമർശിച്ചു
വൈദികൻ സ്റ്റാൻ സ്വാമിയുടെ മരണത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി നൊബേൽ ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യാ സെൻ. നരേന്ദ്ര മോദി സർക്കാർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി ജീവിതം കൂടുതൽ ദുരിതത്തിലാക്കിയെന്ന് അമർത്യാ സെൻ ആരോപിച്ചു. ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമർശനം.
സ്റ്റാൻ സ്വാമി ഒരു ജീവകാരുണ്യ പ്രവർത്തകനായിരുന്നു. ജനങ്ങളെ സഹായിക്കാനായി വിശ്രമമില്ലാതെ അധ്വാനിക്കുകയായിരുന്നു അദ്ദേഹം. സംരക്ഷണം നൽകുന്നതിനു പകരം നിയമങ്ങൾ ദുരുപയോഗം ചെയ്ത് സർക്കാർ അദ്ദേഹത്തിന്റെ ജീവിതം കൂടുതൽ അപകടത്തിലാക്കുകയാണ് ചെയ്തത്. അതുമൂലമാണ് അദ്ദേഹം ഇത്രയും ഗുരുതരമായ സ്ഥിതിയിലായത്-അഭിമുഖത്തിൽ അമർത്യാ സെൻ വിമർശിച്ചു.
ഭരണകൂടത്തിന്റെ അതിരുകടന്ന നടപടികൾ അവസാനിപ്പിക്കുന്നതിൽ നീതിന്യായ വ്യവസ്ഥ പരാജയപ്പെട്ടോ എന്ന കാര്യം പരിശോധിക്കണമെന്നും സെൻ അഭിപ്രായപ്പെട്ടു. സ്വാമിക്ക് സംരക്ഷണം നൽകുന്ന കാര്യത്തിൽ കോടതി എന്തുകൊണ്ട് പരാജയപ്പെട്ടെന്ന കാര്യത്തിലെങ്കിലും വിശദീകരണം ആവശ്യമുണ്ട്. നീതിന്യായ വ്യവസ്ഥയ്ക്ക് അദ്ദേഹത്തെ കൂടുതൽ സഹായിക്കാമായിരുന്നില്ലേ? സെന്‍ ചോദിച്ചു.
കോവിഡ് മഹാമാരിക്കിടെ പൊതുചർച്ചകള്‍ അടിച്ചമർത്തുന്ന കേന്ദ്രനയത്തെയും സെൻ വിമർശിച്ചു. വിചാരണ കൂടാതെ എത്ര പേരാണ് തടവിലടക്കപ്പെട്ടിട്ടുള്ളത്? ഏകാധിപത്യ അധികാരമുപയോഗിച്ച് എത്ര ജനങ്ങളെയാണ് നിശബ്ദരാക്കിയത്? കൊറോണ പ്രതിസന്ധിയുടെ കാലത്ത് പൊതുചർച്ചകളിലൂടെ പിന്നാക്കക്കാരായ ജനങ്ങളെ ദുരിതങ്ങളിൽനിന്ന് രക്ഷിക്കാൻ കഴിയുമായിരുന്നു. പക്ഷെ, ഇന്ത്യയിൽ അതുണ്ടായില്ല. ഇന്ത്യയിൽ ആദ്യമായി ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ പാവപ്പെട്ട ജനങ്ങളുടെ താൽപര്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനു പകരം അവഗണിക്കുകയാണുണ്ടായത്. നയരൂപീകരണങ്ങളിൽ പാവപ്പെട്ടവർക്ക് തീരെ പങ്കുണ്ടായിരുന്നില്ലെന്നും അമര്‍ത്യാ സെന്‍ കുറ്റപ്പെടുത്തി.
Adjust Story Font
16