അവസാനിക്കാതെ ഇൻകം ടാക്സ് വെബ്സൈറ്റിലെ തകരാറുകള്‍: ഇൻഫോസിസ് മേധാവിയെ കേന്ദ്രം വിളിപ്പിച്ചു
കഴിഞ്ഞ ദിവസം പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതി വരെ ഉണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയെ കേന്ദ്ര ധനകാര്യ മന്ത്രാലയം വിളിപ്പിച്ചു. സിഇഒ സലീൽ പരേഖ് നാളെ മന്ത്രാലയത്തിൽ നേരിട്ടെത്തി ഹാജരാകണം. ഇൻകം ടാക്സ് വെബ്സൈറ്റിലെ സാങ്കേതിക തകരാറാണ് സലീൽ പരേഖിനെ വിളിച്ചുവരുത്താനുള്ള കാരണം. ഇൻകം ടാക്സ് വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടൽ നിർമ്മിച്ചത് ഇൻഫോസിസായിരുന്നു
രണ്ടരമാസം മുന്‍പ് പോര്‍ട്ടല്‍ ആരംഭിച്ചത് മുതല്‍ തുടര്‍ച്ചയായി സാങ്കേതിത പ്രശ്‌നങ്ങള്‍ കാണിക്കുന്നതായി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം പോര്‍ട്ടല്‍ പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതി വരെ ഉണ്ടായതായി ആദായനികുതി വകുപ്പ് അറിയിച്ചു. ജൂണ്‍ ഏഴിനാണ് പോര്‍ട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. പ്രൊഫൈല്‍ പരിഷ്‌കരിക്കുക, പാസ് വേര്‍ഡ് മാറ്റുക തുടങ്ങി ചെറിയ കാര്യങ്ങള്‍ പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. പോര്‍ട്ടലിന് വേഗത കുറവാണ്, ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ല എന്ന് തുടങ്ങി നിരവധി പരാതികളാണ് വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നാണ് ഇന്‍ഫോസിസ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി അറിയിച്ചത്.
Adjust Story Font
16