Quantcast

'ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കണം': സുപ്രിം കോടതി ജസ്റ്റിസ് ബി.വി നാഗരത്‌ന

'ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് ലജ്ജാകരം'

MediaOne Logo

Web Desk

  • Updated:

    2024-03-30 12:15:13.0

Published:

30 March 2024 12:08 PM GMT

B V Nagarathna
X

ഡല്‍ഹി: ഗവര്‍ണര്‍മാര്‍ ഭരണഘടനയ്ക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് സുപ്രിം കോടതി ജഡ്ജ് ജസ്റ്റിസ് ബി.വി നാഗരത്‌ന. സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെ പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് നാഗരത്‌നയുടെ പരാമര്‍ശം.

ബില്ലുകള്‍ അംഗീകരിക്കുന്നതിലെ വീഴ്ചകളോ അല്ലെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നടപടികളോ കാരണം സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ വിവാദങ്ങളുടെ കേന്ദ്ര ബിന്ദുവാകുന്നത് ഇന്ന് ട്രെന്‍ഡ് ആയിരിക്കയാണെന്ന് നാഗരത്‌ന പറഞ്ഞു. ഗവര്‍ണറുടെ നടപടികളോ ബില്ലുകള്‍ ഒഴിവാക്കലോ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വരുന്നത് ഭരണഘടനയ്ക്കു കീഴിലെ നല്ലപ്രവണതയല്ല. ഗവര്‍ണര്‍ പദവി എന്നാണ് അതിനെ വിളിക്കുന്നതെങ്കിലും അത് ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണം. അങ്ങിനെ വന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കാമെന്നും അവര്‍ പറഞ്ഞു.

ഹൈദരാബാദിലെ നല്‍സര്‍ നിയമ സര്‍വകലാശാലയിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു നാഗരത്‌നയുടെ പ്രതികരണം.

ഗവര്‍ണര്‍മാരോട് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയേണ്ടി വരുന്നത് തികച്ചും ലജ്ജാകരമാണെന്നും ഭരണഘടനയനുസരിച്ച് അവരുടെ കര്‍ത്തവ്യങ്ങള്‍ ചെയ്യണമെന്ന് അവരോട് പറയേണ്ട സമയം അതിക്രമിച്ചതായും നാഗരത്‌ന കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്ക് പുറമെ തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്കെതിരെയും അതത് സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ സുപ്രിം കോടതി ഇക്കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാഗരത്‌നയുടെ പ്രസ്താവന.

TAGS :

Next Story