ജങ്ക് ഫുഡിന് നികുതി ചുമത്താനുള്ള നീക്കവുമായി കേന്ദ്രം
രാജ്യത്ത് കൗമാരക്കാരിലും സ്ത്രീകളിലും അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് നീതി ആയോഗിന്റെ 2021-22 ലെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി നിയന്ത്രിക്കാൻ, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾക്ക് നികുതി ചുമത്തുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. രാജ്യത്ത് കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലും അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കാൻ ഇത്തരം നടപടികൾ അനിവാര്യമാണെന്ന് നീതി ആയോഗിന്റെ 2021-22 ലെ വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
നീതി ആയോഗിന്റെ റിപ്പോർട്ടിൽ, ഉയർന്ന പഞ്ചസാരയും ഉപ്പും കൊഴുപ്പും ഉള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ്,( (FOPL) ഉൽപ്പന്നങ്ങളുടെ വിപണനം, പരസ്യംചെയ്യൽ, ഉയർന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളുടെ നികുതി വർധിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു. നിലവിൽ ബ്രാൻഡഡ് അല്ലാത്ത ഉപ്പ്, പച്ചക്കറികൾ, ചിപ്സ്, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ്. ബ്രാൻഡഡ്, പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് 12 ശതമാനമാണ് ജിഎസ്ടി നിരക്ക്.
ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം രാജ്യത്ത് പൊണ്ണത്തടിയുള്ള സ്ത്രീകൾ 24 ശതമാനമായി വർദ്ധിച്ചു. 2015-16ൽ ഇത് 20.6% ആയിരുന്നു. പുരുഷന്മാരുടെ കാര്യത്തിൽ ഈ കണക്ക് 22.9 ശതമാനമായി ഉയർന്നു. 2015-16ൽ പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ എണ്ണം 18.4% ആയിരുന്നു.
Adjust Story Font
16