രാജ്യത്ത് കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കുമെന്ന് കേന്ദ്രം
വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണന പട്ടിക കേന്ദ്രം തയ്യാറാക്കി
കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ രണ്ടു മാസത്തിനകം ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാർ. 12 നും 17നും ഇടയിൽ പ്രായമുള്ള അസുഖ ബാധിതരായ കുട്ടികൾക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിൻ നൽകുക. വാക്സിൻ നൽകേണ്ട കുട്ടികളുടെ മുൻഗണനാ പട്ടിക കേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കിയശേഷം കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കാനായിരുന്നു കേന്ദ്ര സർക്കാരിന്‍റെ ആലോചന. രാജ്യത്ത് മൂന്നാം തരംഗത്തിന്‍റെ സാധ്യത മുന്നില്‍ കണ്ടാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കാനുള്ള കേന്ദ്ര നീക്കം.
രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ പ്രാരംഭഘട്ടത്തിൽ ആണെന്ന് ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തിയ പഠനത്തില്‍ പറയുന്നു. മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നാണ് പഠനം. മഹാരാഷ്ട്രയിലും ഡൽഹിയിലുമായി 2700 കുട്ടികളിൽ നടത്തിയ സീറോ സർവേയിൽ 50 മുതൽ 75 ശതമാനം കുട്ടികളിലും കോവിഡ് ആന്‍റി ബോഡി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,404 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 339 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. 14,30,891 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,32,89,579 ആയി.
Adjust Story Font
16