'പെഗാസസ് വഴി പ്രശാന്ത് കിഷോറുമായുള്ള യോഗം ചോർത്തി'; ആരോപണവുമായി മമത ബാനർജി
വാട്ടർഗേറ്റിനെക്കാളും ഗുരുതരമാണ് പെഗാസസ്. അടിയന്തരാവസ്ഥയിലും വലിയ അടിയന്തരാവസ്ഥയാണിത്. എത്രകാലം ഇതിങ്ങനെ മുന്നോട്ടുപോകും? മമത ചോദിച്ചു
പെഗാസസ് ഫോൺചോർത്തൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ച കേന്ദ്രം ചോർത്തിയെന്നാണ് മമതയുടെ ആരോപണം.
പ്രശാന്ത് കിഷോറുമായും മറ്റു ചിലരുമായും ചർച്ച നടത്തിയ കാര്യം നേരത്തെ പറഞ്ഞിരുന്നതാണ്. സ്‌പൈവെയർ വഴി പ്രശാന്ത് കിഷോറിന്റെ ഫോൺ ചോർത്തി തങ്ങൾ നടത്തിയ യോഗത്തിന്‍രെ വിവരങ്ങള്‍ സർക്കാർ സ്വന്തമാക്കിയിട്ടുണ്ട്-മമത വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
വാട്ടർഗേറ്റിനെക്കാളും ഗുരുതരമാണ് പെഗാസസ്. അടിയന്തരാവസ്ഥയിലും വലിയ അടിയന്തരാവസ്ഥയാണിത്. എത്രകാലം ഇതിങ്ങനെ മുന്നോട്ടുപോകും? ബിജെപിക്ക് സ്വന്തം ഉദ്യോഗസ്ഥരെയും മന്ത്രിമാരെപ്പോലും വിശ്വാസമില്ലാത്ത സ്ഥിതിയാണ്. നിരവധി ആർഎസ്എസ് നേതാക്കളുടെ ഫോണുകളും ചോർത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും അവർ സൂചിപ്പിച്ചു. ദൈനിക് ഭാസ്‌ക്കറിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെയും മമത വിമർശിച്ചു. സത്യം പുറത്തുകൊണ്ടുവരുന്ന ശബ്ദങ്ങൾ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് അവർ കുറ്റപ്പെടുത്തി.
അതേസമയം, ഡൽഹി സന്ദർശനത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മമത വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സമയം നൽകിയിട്ടുണ്ടെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നും അവർ അറിയിച്ചു. സമയം കിട്ടിയാൽ രാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്താൻ നീക്കമുണ്ട്.
Adjust Story Font
16