Quantcast

പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ഗുസ്തി പിടിക്കാന്‍ ഗ്രേറ്റ് ഖലിയും; പാർട്ടി പ്രവേശം ഉടനുണ്ടായേക്കും

ലോകപ്രശസ്ത റെസ്ലിങ് താരമായ ഗ്രേറ്റ് ഖലി ഇന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി സർക്കാരിന്റെ പ്രകടനത്തെ പ്രശംസിച്ച താരം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി ആം ആദ്മിയിൽ ചേരുമെന്നാണ് സൂചന

MediaOne Logo

Web Desk

  • Published:

    18 Nov 2021 10:58 AM GMT

പഞ്ചാബിൽ ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി ഗുസ്തി പിടിക്കാന്‍ ഗ്രേറ്റ് ഖലിയും; പാർട്ടി പ്രവേശം ഉടനുണ്ടായേക്കും
X

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ആം ആദ്മി പാർട്ടിക്ക് കൂടുതൽ കരുത്തു പകരുന്ന വാർത്ത പുറത്ത്. ലോകപ്രശസ്ത റെസ്ലിങ് താരം ദ ഗ്രേറ്റ് ഖലി ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഖലി ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ താരം രാഷ്ട്രീയ പ്രവേശം പ്രഖ്യാപിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

കെജ്രിവാളാണ് കൂടിക്കാഴ്ചയുടെ വിവരം പുറത്തുവിട്ടത്. ഖലിക്കൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത കെജ്രിവാള്‍ ആം ആദ്മി സർക്കാരിന്റെ പ്രവർത്തനങ്ങളെ താരം പ്രകീർത്തിച്ചതായും അറിയിച്ചു. വൈദ്യുതി, കുടിവെള്ളം, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ മേഖലകളിൽ ഡൽഹി സർക്കാരിന്റെ പ്രകടനത്തെയാണ് ഖലി പ്രശംസിച്ചത്.

പഞ്ചാബ് സ്വദേശിയായ ഗ്രേറ്റ് ഖലിക്ക് സംസ്ഥാനത്ത് വലിയ തോതിലുള്ള ആരാധകരുണ്ട്. താരത്തിന്റെ ഈ സ്വാധീനം വോട്ടാക്കി മാറ്റാനാകും ആം ആദ്മി പദ്ധതി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുപ്പിനു മുൻപു തന്നെ ഒരുപക്ഷെ ഖലിയുടെ ആപ് പ്രവേശം പുറത്തുവരാനിടയുണ്ട്. ഒരുപക്ഷെ, താരത്തിന് സീറ്റ് നൽകാനുമിടയുണ്ട്. ഭരണകക്ഷിയായ കോൺഗ്രസിനകത്തെ കടുത്ത ഭിന്നത മുതലെടുക്കാനാകുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. ഇതോടൊപ്പം ഖലിയെപ്പോലുള്ള വിവിധ രംഗങ്ങളിൽ സ്വാധീനമുള്ള വ്യക്തികളെ പാർട്ടിയോട് അടുപ്പിച്ച് ഭരണസാധ്യതകൾ ഉറപ്പിക്കുകയാകും ലക്ഷ്യമിടുന്നത്.

ദ ഗ്രേറ്റ് ഖലി എന്ന പേരിൽ അറിയപ്പെടുന്ന ദലീപ് സിങ് റാണ മുൻ ഭാരദ്വാഹകൻ കൂടിയാണ്. രണ്ടുതവണ മിസ്റ്റർ ഇന്ത്യ പട്ടം കിട്ടിയിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ വേൾഡ് റെസ്ലിങ് എന്റർടൈൻമെന്റ്(ഡബ്ല്യു.ഡബ്ല്യു.ഇ) താരമാണ്.

അടുത്ത വർഷം ആദ്യത്തിലായിരിക്കും പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്. മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആം ആദ്മി പാർട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

Summary: World-famous wrestler The Great Khali has announced his support for the Aam Aadmi Party. Khali made the remarks during a meeting with Delhi Chief Minister Arvind Kejriwal today.

TAGS :

Next Story