ഭരണഘടനയുടെ പേരിൽ മതഭ്രാന്ത് വളര്‍ത്തുന്നു: ആർ.എസ്.എസ്
സർക്കാർ സംവിധാനങ്ങളിൽ കയറിക്കൂടാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതി തയ്യാറാക്കുന്നുവെന്നും ആർ.എസ്.എസ് ആരോപിച്ചു
ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്‍റെയും പേരിൽ രാജ്യത്ത് മതഭ്രാന്ത് വളർത്തുകയാണെന്ന് ആർ.എസ്.എസ്. സർക്കാർ സംവിധാനങ്ങളിൽ കയറിക്കൂടാൻ ഒരു പ്രത്യേക സമുദായം വിപുലമായ പദ്ധതി നടപ്പാക്കുന്നതായും ആർ.എസ്.എസ് ആരോപിച്ചു. ശനിയാഴ്ച പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഈ പരാമര്‍ശമുള്ളത്. ഈ വിപത്തിനെ പരാജയപ്പെടുത്താൻ സംഘടിത ശ്രമം നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.
"രാജ്യത്ത് മതഭ്രാന്തിന്റെ ഭീകരമായ രൂപം പലയിടത്തും വീണ്ടും തലയുയർത്തുകയാണ്. കേരളത്തിലും കർണാടകയിലും ഹിന്ദു സംഘടനാ പ്രവർത്തകർ കൊല്ലപ്പെട്ടത് ഇതിന്‍റെ ഉദാഹരണമാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറവിൽ വർഗീയ റാലികളും പ്രകടനങ്ങളും നടക്കുന്നു. സാമൂഹിക അച്ചടക്കം ലംഘിക്കുന്നു. നിസ്സാര കാരണങ്ങളാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വർധിച്ചുവരികയാണ്" - റിപ്പോർട്ടിൽ പറയുന്നു.
ദീർഘകാലത്തേക്ക് ഉന്നമിട്ടുള്ള ഗൂഢാലോചന നടക്കുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു. ഒരു പ്രത്യേക സമുദായം സർക്കാർ സംവിധാനങ്ങളിൽ കയറിക്കൂടാനായി വിശാലമായ പദ്ധതി തയ്യാറാക്കുന്നു. അവരുടെ ആശങ്ങള്‍ ബോധ്യപ്പെടുത്താൻ ഏത് വഴിയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതപരിവർത്തനം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്- "പഞ്ചാബ്, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ ഹിന്ദുക്കളെ ആസൂത്രണം ചെയ്ത് മതപരിവർത്തനം ചെയ്യുന്നതായി വിവരമുണ്ട്. മതപരിവർത്തനത്തിന് ഏറെക്കാലത്തെ ചരിത്രമുണ്ടെങ്കിലും ഇതിനായി പുതിയ മാർഗങ്ങളാണ് ഇപ്പോൾ തേടുന്നത്. ഈ പ്രവണത തടയാൻ ഹിന്ദു സമൂഹത്തിലെ നേതൃത്വങ്ങളും സ്ഥാപനങ്ങളും ഒരു പരിധിവരെ ഉണർന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതൽ ആസൂത്രിതമായി ഈ ദിശയിൽ സംയുക്തവും ഏകോപിതവുമായ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു."
ഹിന്ദു സമൂഹം ഉണർന്ന് ആത്മാഭിമാനത്തോടെ നിലകൊള്ളുമ്പോൾ, ഇത് സഹിക്കാത്ത ശത്രുക്കള്‍ സാമൂഹ്യ അന്തരീക്ഷം ദുഷിപ്പിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്നും ആര്‍.എസ്.എസ് ആരോപിച്ചു. പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളും പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തടഞ്ഞതും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്-
"2021 മെയ് മാസത്തിൽ ബംഗാളിൽ നടന്ന സംഭവങ്ങൾ രാഷ്ട്രീയ വൈരാഗ്യത്തിന്റെയും മതഭ്രാന്തിന്റെയും ഫലമായിരുന്നു. രാഷ്ട്രീയത്തില്‍ മത്സരം അനിവാര്യമാണ്. എന്നാൽ അത് ആരോഗ്യകരമായിരിക്കണം. ജനാധിപത്യത്തിന്റെ പരിധിക്കുള്ളിൽ ആയിരിക്കണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കർഷക പ്രക്ഷോഭത്തിന്റെ പേരിൽ തടഞ്ഞത് അപലപനീയമാണ്. ഈ ഹീനമായ പ്രവൃത്തി രാഷ്ട്രീയ മര്യാദ, കേന്ദ്ര-സംസ്ഥാന ബന്ധം, ഭരണഘടനാ പദവികളോടുള്ള വികാരം എന്നിവ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു"- ആര്‍.എസ്.എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16