ഗുജറാത്തിൽ എ.എ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി അധ്യക്ഷനും തോറ്റു
എ.എ.പി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ കതർഗാമിലും മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി ഖംബാലിയയിലും തോറ്റു.
അഹമ്മദാബാദ്: ഗുജറാത്തിൽ ഹിന്ദുത്വ വോട്ടുകൾ ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ എ.എ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടതും പാർട്ടിക്ക് തിരിച്ചടിയായി. എ.എ.പി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ കതർഗാമിലും മുഖ്യമന്ത്രി സ്ഥാനാർഥി ഇസുദാൻ ഗധ്വി ഖംബാലിയയിലും തോറ്റു.
കതർഗാമിൽ 55713 വോട്ടുകളാണ് ഗോപാൽ ഇറ്റാലിയ നേടിയത്. 1,20,505 വോട്ട് നേടിയ ബി.ജെ.പിയുടെ വിനോദ്ബായ് അമർഷിഭായ് മൊറാദിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർഥി വരിയ കൽപേഷ് ഹർജിവാൻഭായിക്ക് 26,807 വോട്ടുകൾ മാത്രമാണ് നേടാനായത്.
ഖംബാലിയയിൽ 59,089 വോട്ടുകളാണ് ഇസുദാൻ ഗധ്വി നേടിയത്. ബി.ജെ.പി സ്ഥാനാർഥി അയാർ മുലുഭായ് ഹർദേശ്ഭായി 77834 വോട്ടുകൾ നേടി. 44715 വോട്ടുകൾ നേടിയ കോൺഗ്രസ് സ്ഥാനാർഥി അഹിർ വിക്രംഭായ് അർജംഭായ് മൂന്നാം സ്ഥാനത്താണ്.
അതേസമയം ഗുജറാത്തിൽ അഞ്ച് സീറ്റുകൾ നേടിയതിലൂടെ ദേശീയ പാർട്ടി പദവിയിലേക്ക് ഉയരാനായെന്ന് എ.എ.പി അധ്യക്ഷൻ അരവിന്ദ് കെജരിവാൾ പറഞ്ഞു. 10 വർഷംകൊണ്ട് ആം ആദ്മി രണ്ട് സംസ്ഥാനം ഭരിക്കുകയും ഗുജറാത്തിൽ മികച്ച പ്രചാരണം നടത്തുകയും ചെയ്തു. ആം ആദ്മിക്ക് വോട്ട് ചെയ്ത എല്ലാവരോടും നന്ദിയുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.
Adjust Story Font
16