ഗുജറാത്തിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗറിൽ മത്സരിക്കും
160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ട്‌ലോദ്യ മണ്ഡലത്തിൽനിന്ന് മത്സരിക്കും.
ഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 160 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടികയാണ് കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഘട്ട്‌ലോദ്യ മണ്ഡലത്തിൽനിന്ന് മത്സരിക്കും. ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗറിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കും.
നിലവിലുള്ള 69 എം.എൽ.എമാർക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകി. കോൺഗ്രസ് വിട്ടെത്തിയ ഹാർദിക് പട്ടേൽ വിരംഗം മണ്ഡലത്തിൽനിന്ന് ജനവിധി തേടും. തൂക്കുപാലം തകർന്നു അപകടം നടന്ന മോർബിയിലെ സിറ്റിങ് എം.എൽ.എ കിരൺ പട്ടേലിന്റെ പേര് ആദ്യഘട്ട സ്ഥാനാർഥി പട്ടികയിലില്ല.
മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മുതിർന്ന നേതാവായ ഭൂപേന്ദ്ര സിങ് ചുദാസാമയും ഇത്തവണ മത്സരത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 89 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ്. ഡിസംബർ എട്ടിനാണ് ഫലപ്രഖ്യാപനം.
Adjust Story Font
16