ഗുജറാത്ത്: പ്രാഥമിക സ്ഥാനാർഥി പട്ടിക തയ്യാറാക്കി ബി.ജെ.പി, കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
പൊതുഅഭിപ്രായത്തിലൂടെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെ ആം ആദ്മി പാർട്ടി ഇന്ന് പ്രഖ്യാപിക്കും
ഗുജറാത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാർഥി നിർണയം വേഗത്തിൽ പൂർത്തിയാക്കാനൊരുങ്ങി പാർട്ടികൾ. ബി.ജെ.പി സ്ഥാനാർഥികളുടെ പ്രാഥമിക പട്ടിക കേന്ദ്രത്തിന് കൈമാറി. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും.
ഗുജറാത്തില്‍ കാൽ നൂറ്റാണ്ടിലധികമായി തുടരുന്ന അധികാരം നിലനിർത്താനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. 47 സ്ഥാനാർഥികളുടെ പട്ടിക ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈമാറി. ഈ മാസം 8, 9 തിയ്യതികളിൽ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക പരിശോധിക്കും. ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
കോൺഗ്രസ് സ്ഥാനാർഥി പട്ടിക സ്ക്രീനിങ് കമ്മിറ്റി ചെയർമാൻ രമേശ് ചെന്നിത്തല മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് സമർപ്പിക്കും. നാല് മണിക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് തെരഞ്ഞെടുപ്പ് സമിതി യോഗം. ആദ്യ ഘട്ട സ്ഥാനാർഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.
പൊതുഅഭിപ്രായത്തിലൂടെ തെരഞ്ഞെടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയെ ആം ആദ്മി പാർട്ടി ഇന്ന് പ്രഖ്യാപിക്കും. 7 ഘട്ടങ്ങളിലായി 108 സ്ഥാനാർഥികളെ എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടാം ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവിടും. ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ച് വർഗീയ ധ്രുവീകരണത്തിന് എ.എ.പി ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഇതിനോടകം ഉയർന്ന് കഴിഞ്ഞു. 182 മണ്ഡലങ്ങളിലേക്ക് അടുത്ത മാസം 1, 5 തിയ്യതികളിലായി രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഡിസംബർ 8ന് വോട്ടെണ്ണും.
Adjust Story Font
16