ഇന്ത്യയിലെ ആദ്യത്തെ സ്റ്റീല്‍ റോഡ് ഗുജറാത്തില്‍
മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്ന് സി.എസ്.ഐ.ആര്
ഇന്ത്യയിലെ ആദ്യ സ്റ്റീൽ കൊണ്ടുള്ള റോഡ് ഗുജറാത്തിലെ സൂറത്തിൽ യാഥാർഥ്യമായി. വിവിധ പ്ലാന്റുകളിലെ ഉപയോഗശൂന്യമായ സ്റ്റീൽ ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ റോഡ് നിർമിച്ചത്. ഹസീറ വ്യവസായ മേഖലയിലാണ് റോഡ് നിര്‍മിച്ചത്.
ശാസ്ത്ര-സാങ്കേതിക ഗവേഷണ കൗൺസിലും (സി.എസ്.ഐ.ആർ), കേന്ദ്ര റോഡ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുമാണ് (സി.ആർ.ആർ.ഐ) നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. സ്റ്റീല്‍ ആന്റ് പോളിസി കമ്മീഷന്, നീതി ആയോഗ് എന്നിവയുടെ സഹായത്തോടെയായിരുന്നു നിര്‍മാണം. പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മിച്ചത് ഒരു കിലോമീറ്റർ നീളത്തിലുള്ള ആറു വരി പാതയാണ്. രാജ്യത്തെ ഉരുക്കുനിർമാണശാലകളിൽ പ്രതിവർഷം 19 ദശലക്ഷം ടൺ സ്റ്റീല്‍ ബാക്കിയാകുന്നുണ്ട്. പാഴാക്കപ്പെടുന്ന വിഭവം ഉപയോഗ യോഗ്യമാക്കുന്നതിനൊപ്പം ഈടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മിക്കുക എന്നതാണ് ലക്ഷ്യം.
ഒരു കിലോമീറ്റർ നീളത്തിലുള്ള റോഡ് പൂർണമായും സംസ്കരിച്ച ഉരുക്കുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മഴക്കാലത്ത് റോഡ് തകരുമെന്ന പേടി വേണ്ടെന്ന് സി.എസ്.ഐ.ആര് അവകാശപ്പെട്ടു. ഹസിറ തുറമുഖത്തെ ഈ റോഡ് നേരത്തെ ടൺ കണക്കിന് ഭാരം കയറ്റി ട്രക്കുകൾ ഓടുന്നതുകൊണ്ട് മോശം അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതേ റോഡിലൂടെ ആയിരക്കണക്കിന് ട്രക്കുകള്‍ സഞ്ചരിക്കുന്നുണ്ടെന്നും റോഡിന് ഒരു കേടുപാടുമില്ലെന്നും സിആര്‍ആര്‍ഐ ശാസ്ത്രജ്ഞന് സതീഷ് പാണ്ഡെ പറഞ്ഞു. സ്റ്റീല്‍ മാലിന്യം ഉപയോഗിച്ചുള്ള റോഡ് നിര്‍മാണത്തിലൂടെ നിര്‍മാണ ചെലവ് 30 ശതമാനം കുറയുമെന്നും പാണ്ഡെ പറഞ്ഞു.
"സ്റ്റീൽ പ്ലാന്റുകളില്‍ ഉരുക്ക് മാലിന്യം കുന്നുകൂടിയിരിക്കുന്നു. ഇത് പരിസ്ഥിതിക്ക് വലിയ ഭീഷണിയാണ്. അതുകൊണ്ടാണ് നിതി ആയോഗിന്റെ നിർദേശപ്രകാരം, സ്റ്റീൽ മന്ത്രാലയം ഈ മാലിന്യം നിർമാണത്തിന് ഉപയോഗിക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയത്"- എഎംഎൻഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് എം മുന്ദ്ര പറഞ്ഞു. ആദ്യ പദ്ധതി വിജയിച്ചതോടെ, ഭാവിയിൽ ഹൈവേകളുടെ നിര്‍മാണത്തിന് സ്റ്റീല്‍ മാലിന്യങ്ങള്‍ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
Adjust Story Font
16