Quantcast

മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവം; ഗുജറാത്ത് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ്

മർദനമേറ്റ യുവാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.

MediaOne Logo

Web Desk

  • Updated:

    2022-10-21 08:41:18.0

Published:

21 Oct 2022 8:40 AM GMT

മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് തല്ലിച്ചതച്ച സംഭവം; ഗുജറാത്ത് സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതി നോട്ടീസ്
X

അഹമ്മദാബാദ്: നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത മുസ്‌ലിം യുവാക്കളെ കെട്ടിയിട്ട് പരസ്യമായി തല്ലിച്ചതച്ച സംഭവത്തിൽ ​ഗുജറാത്ത് സർക്കാരിനും പൊലീസുകാർക്കും ഹൈക്കോടതി നോട്ടീസ്. ഖേഡ ജില്ലയിലെ ഉന്ധേല ഗ്രാമത്തിൽ നടന്ന സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് എ.ജെ. ശാസ്ത്രി എന്നിവരാണ് 15 പൊലീസുകാർ അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചത്. മർദനമേറ്റ യുവാക്കൾ സമർപ്പിച്ച ഹരജിയിലാണ് കോടതി ഇടപെടൽ.

സംഭവത്തിൽ 15 പൊലീസുകാർക്കെതിരെ മർദനമേറ്റ ജാഹിർമിയ മാലിക് (62), മക്‌സുദാബാനു മാലിക് (45), സഹദ്മിയ മാലിക് (23), സകിൽമിയ മാലിക് (24), ഷാഹിദ് മാലിക് (25) എന്നിവർ ഗുജറാത്ത് ഹൈക്കോടതിയിൽ ഹരജി നൽകുകയും ചെയ്തു. ഐ.ജി, പൊലീസ് സൂപ്രണ്ട് ഖേദ, മതർ പൊലീസ് സ്റ്റേഷനിലെ 10 കോൺസ്റ്റബിൾമാർ, ലോക്കൽ ക്രൈംബ്രാഞ്ചിലെ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് യുവാക്കൾ പരാതി നൽകിയത്.

ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് മഫ്തിയിലെത്തിയ പൊലീസുകാർ യുവാക്കളെ തൂണിൽ കെട്ടിയിട്ട് മർദിച്ചത്. ഒക്‌ടോബർ മൂന്നിന് ഉന്ധേല ഗ്രാമത്തിൽ, ഒരു പള്ളിക്ക് സമീപം നടന്ന ഗർബ പരിപാടിയെ മുസ്‌ലിംകൾ എതിർത്തതോടെ പ്രാദേശിക ഹിന്ദു- മുസ്‌ലിം സമുദായ അംഗങ്ങൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ​

ഗർബ പരിപാടിയിലേക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അടുത്ത ദിവസം പൊലീസ് ഉദ്യോഗസ്ഥർ ചില മുസ്‌ലിം യുവാക്കളെ അറസ്റ്റ് ചെയ്ത് ഇരുമ്പു തൂണിൽ കെട്ടിയിട്ട് വലിയ വടികൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. ഇൻസ്പെക്ടർ എ.വി പാർമർ, സബ് ഇൻസ്പെക്ടർ ഡി.ബി. കുമാവത് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മഫ്തിയിലുള്ള പൊലീസുകാർ യുവാക്കളെ തല്ലിച്ചതച്ചത്. ചുറ്റും കൂടി നിന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന നൂറുകണക്കിന് പേർ ഇതിനെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.

പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് നിർദേശിക്കുകയും അവരപ്രകാരം ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതോടെ സംഭവത്തെക്കുറിച്ചും തല്ലിച്ചതച്ച ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണം നടത്താൻ ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരെ നിർബന്ധിതരാക്കി.

"പൊലീസുകാർ തന്നെയാണ് വീഡിയോ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തത്. യുവാക്കളെ പൊലീസ് വാനിൽ സ്റ്റേഷനിൽ നിന്ന് കൊണ്ടുവന്ന ശേഷം ഓരോരുത്തരെയും പുറത്തിറക്കി. പൊതുജനത്തെ സാക്ഷിയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ച ശേഷം പൊലീസ് വാഹനത്തിൽ കയറ്റി തിരികെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണുണ്ടായത്. ഇത് അറസ്റ്റും തടങ്കലും ഉണ്ടാകുമ്പോൾ പൊലീസ് പാലിക്കേണ്ട സുപ്രിംകോടതി മാർ​ഗനിർദേശങ്ങളുടെ സമ്പൂർണ ലംഘനമാണ്"- ഹരജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഐ എച്ച് സയ്യിദ് പറഞ്ഞു.

TAGS :

Next Story