Quantcast

'മോദിയുടെ സർട്ടിഫിക്കറ്റ് വിവരം നൽകേണ്ട, കെജ്‌രിവാൾ 25,000 പിഴ അടയ്ക്കട്ടെ'; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി

കെജ്‌രിവാൾ പിഴത്തുക നാലാഴ്ചക്കകം ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണം

MediaOne Logo

Web Desk

  • Updated:

    2023-03-31 11:07:03.0

Published:

31 March 2023 10:04 AM GMT

മോദിയുടെ സർട്ടിഫിക്കറ്റ് വിവരം നൽകേണ്ട, കെജ്‌രിവാൾ 25,000 പിഴ അടയ്ക്കട്ടെ;  വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി
X

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് വിവരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങൾ കെജ്രിവാളിന് നൽകാൻ ഗുജറാത്ത് സർവകലാശാലയോട് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) 2016 ലെ ഉത്തരവ് റദ്ദാക്കിയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ഗുജറാത്ത് സർവകലാശാലയുടെ ഹരജിയിൽ ജസ്റ്റിസ് ബീരേൻ വൈഷ്ണവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നോട്ടീസ് നൽകാതെയാണ് സിഐസി ഉത്തരവിട്ടതെന്ന് കാണിച്ചാണ് നടപടി. ഫെബ്രുവരി 9 ന് കക്ഷികളെ വിശദമായി കേട്ടതിന് ശേഷം വിധി പറയാൻ മാറ്റിവെച്ചതായിരുന്നു കേസ്.

അതേസമയം, ഡൽഹി മുഖ്യമന്ത്രിക്ക് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി. നാലാഴ്ചക്കകം ഈ തുക ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ അടയ്ക്കണം. പ്രധാനമന്ത്രിയുടെ യോഗ്യത സംബന്ധിച്ച് വിവരം നൽകണമെന്ന ആവശ്യം കേന്ദ്ര വിവരാവകാശ കമ്മീഷണറായിരുന്ന ഡോ. ശ്രീധർ ആചാര്യുലു നടപടികൾ പാലിക്കാതെ സ്വീകരിച്ചുവെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. കെജ്രിവാളിന്റെ ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് സംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കമ്മീഷൻ സ്വമേധയാ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

തന്റെ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകാൻ താൻ തയ്യാറാണെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ അദ്ദേഹത്തിന്റെ ബിരുദവിവരങ്ങൾ വെളിപ്പെടുത്താൻ നിർദേശിക്കണമെന്നും അപേക്ഷ പരിഗണിക്കുന്ന വേളയിൽ കെജ്‌രിവാൾ ആവശ്യപ്പെടുകയായിരുന്നു.

'ഒരു പൗരന്റെ വിവരാവകാശ പ്രകാരമുള്ള അപേക്ഷ' എന്ന നിലയിൽ കെജ്‌രിവാളിന്റെ ആവശ്യം പരിഗണിച്ച്, ഡൽഹി സർവകലാശാലയിൽ നിന്നുള്ള മോദിയുടെ ബിഎ ബിരുദത്തിന്റെയും ഗുജറാത്ത് സർവകലാശാലയിൽനിന്നുള്ള എംഎ ബിരുദത്തിന്റെയും കൃത്യമായ നമ്പറും വർഷവും നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസിനോട് വിവരാവകാശ കമ്മീഷൻ നിർദ്ദേശിക്കുകയായിരുന്നു. ഈ ഉത്തരവിനെതിരെതിരെയാണ് ഗുജറാത്ത് സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ ഗുജറാത്ത് സർവകലാശാലക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയും കെജ്രിവാളിനായി മുതിർന്ന അഭിഭാഷകൻ പേഴ്സി കവിനയുമാണ് ഹാജരായത്.

പ്രധാനമന്ത്രിയുടെ ഡിഗ്രി സംബന്ധിച്ച വിവരങ്ങൾ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നിൽ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് തുഷാർ മെഹ്ത പറഞ്ഞിരുന്നു. ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പൊതുതാൽപര്യത്തെ ബാധിക്കുമ്പോൾ മാത്രമാണ് അത് വിവരാവകാശ നിയമത്തിന് കീഴിൽ വരികയുള്ളൂ എന്നും അദ്ദേഹം വാദിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസിലെ വിവരാവകാശ കമ്മീഷണറോടാണ് സർട്ടിഫിക്കറ്റിന്റെ കോപ്പി നൽകാൻ വിവരാവകാശ കമ്മീഷൻ ആവശ്യപ്പെട്ടത്. അതിനെന്തിനാണ് ഗുജറാത്ത് സർവകലാശാല കോടതിയെ സമീപിച്ചതെന്ന് കെജരിവാളിന് വേണ്ടി ഹാജരായ പേഴ്സി കവിന ചോദിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തേണ്ടത് നിയമപ്രകാരം നിർബന്ധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Gujarat High Court has ordered that Prime Minister Narendra Modi's post-graduation certificate information should not be handed over to Delhi Chief Minister Arvind Kejriwal.

TAGS :

Next Story