ദലിത് വിരുദ്ധ പരാമർശം; കലക്ടറെ സസ്പെൻഡ് ചെയ്യണമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി
എംഎൽഎയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കലക്ടർ നേഹ കുമാരി പറഞ്ഞു
മഹ്നിസാഗർ: ദലിത് വിരുദ്ധ പരാമർശം നടത്തിയ മഹിസാഗർ ജില്ലാ കലക്ടർ നേഹ കുമാരിയെ സസ്‌പെൻഡ് ചെയ്യണമെന്ന് ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി. ദലിത് പീഡന നിരോധന നിയമപ്രകാരമുള്ള 90 ശതമാനം കേസുകളും ഉദ്യോഗസ്ഥർക്കെതിരെയുള്ള ബ്ലാക്ക്‌മെയിലിംങ്ങിനായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്ന് കലക്ടർ ആരോണം നടത്തിയിരുന്നു. ഇത് പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ അപമാനിക്കുന്നതും ഭാരതീയ ന്യായ സംഹിത പ്രകാരം കുറ്റകരമാണെന്നും മേവാനി പറഞ്ഞു.
ഒക്ടോബർ 23ന് വിജയ് പർമർ എന്ന യുവാവ് പരാതിയുമായി കലക്ടറെ കാണാൻ പോയപ്പോൾ അവർ അദ്ദേഹത്തിനെതിരെ അസഭ്യമായ വാക്കുകൾ ഉപയോഗിക്കുകയും, അഭിഭാഷക സമൂഹത്തെ ചെരിപ്പുകൊണ്ട് അടിക്കണമെന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്‌തതായി മേവാനി ആരോപിച്ചു.
എന്നാൽ എംഎൽഎയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം രാഷ്ട്രീയ നേട്ടങ്ങൾക്കായുള്ള ശ്രമത്തിലാണെന്നും നേഹ കുമാരി പറഞ്ഞു. 'പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്നായിരുന്നു വിജയ് പർമറുടെ പരാതി. എന്നാൽ കേസെടുക്കാൻ തനിക്ക് അധികാരമില്ലെന്നും പൊലീസ് സൂപ്രണ്ടിനെയോ കോടതിയെയോ സമീപിക്കണമെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഭീഷണിപ്പടുത്തിയതായി' കലക്ടർ ആരോപിച്ചു. ദലിത് പീഡന നിരോധന നിയമത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ വിജയ് പർമർ ബ്ലാക്ക് മെയിൽ ചെയ്യുന്ന രീതി ഒട്ടും ശരിയല്ലെന്നും കലക്ടർ കൂട്ടിച്ചേർത്തു.
അതേസമയം മുതിർന്ന ഐപിഎസ് ഓഫീസറായ രാജ്കുമാർ പാണ്ഡ്യനെതിരെയും മേവാനി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. തന്നോടും തൻ്റെ സഹപ്രവർത്തകരോടും അദ്ദേഹം മോശമായി പെരുമാറി എന്നും അദ്ദേഹത്തിനെതിരെ നടപടി വേണം എന്നുമായിരുന്നു മേവാനിയുടെ ആവശ്യം.
Adjust Story Font
16