Quantcast

ഗുജറാത്തിൽ ക്രിക്കറ്റ് മത്സരം കാണാൻപോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു

സൽമാൻ വൊഹ്റ എന്ന 23കാരനാണ് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

MediaOne Logo

Web Desk

  • Published:

    1 July 2024 4:43 AM GMT

Gujarat: Muslim Man Hit With Bats, Knives At Cricket Match, Dies in Hospital
X

അഹമ്മദാബാദ്: ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണാൻ പോയി മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. സൽമാൻ വൊഹ്ര (23) ആണ് ജൂൺ 22ന് ക്രൂരമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗുജറാത്തിലെ പോൾസൺ കോമ്പൗണ്ടിൽ താമസിക്കുന്ന സൽമാൻ തുണക്കച്ചവടക്കാരനായിരുന്നു. ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനൽ കാണാനാണ് സൽമാൻ പോയത്. ആരും ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. രണ്ടുമാസം മുമ്പ് മാത്രം വിവാഹിതനായ സൽമാന്റെ ഭാര്യ മഷിറ ഒരു മാസം ഗർഭിണിയാണെന്നും സൽമാന്റെ അമ്മാവനായ നുഅ്മാൻ അൻവർ വൊഹ്ര ദി ക്വിന്റിനോട് പറഞ്ഞു.

ഫൈനൽ തുടുങ്ങുന്നതിന് മുമ്പ്തന്നെ പ്രശ്‌നങ്ങൾ തുടങ്ങിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മുസ്‌ലിംകൾ കൂടുതലുള്ള ടീമുകളാണ് നന്നായി കളിച്ചത്. മുസ്‌ലിംകൾ കൂടുതലുള്ള ടീം വിജയിച്ചാൽ സംഘർഷമുണ്ടാകുമെന്ന അവസ്ഥ നേരത്തെ തന്നെ രൂപപ്പെട്ടിരുന്നതായി സാമൂഹ്യപ്രവർത്തകനായ ആസിം ഖെഡ്‌വാല പറഞ്ഞു. ഫൈനലിൽ കളിക്കുന്ന രണ്ട് ടീമുകളിൽ ഒന്നിൽ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. വർഗീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് സംഘാടകർ നേരത്തെ തന്നെ ടീമുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

മുസ്‌ലിംകൾ കൂടുതലുള്ള ടീം കളിക്കുമ്പോൾ ആൾക്കൂട്ടത്തിൽനിന്ന് ജയ്ശ്രീരാം വിളികൾ ഉയർന്നു. മുസ്‌ലിംകൾ കൂടുതലുള്ള ടീം ജയിക്കരുതെന്ന് ആൾക്കൂട്ടത്തിൽ വലിയ വിഭാഗവും ആഗ്രഹിച്ചിരുന്നുവെന്ന് അവരുടെ പ്രതികരണത്തിൽ മനസ്സിലാക്കാം. 5000ത്തോളം ആളുകളുള്ള ജനക്കൂട്ടത്തിൽ കേവലം 500നടുത്ത് മുസ്‌ലിംകൾ മാത്രമാണ് ഉണ്ടായിരുന്നത്.

ബൈക്ക് നിർത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്നാണ് പ്രശ്ങ്ങൾ ആരംഭിച്ചത്. ഒരു സംഘം യുവാക്കാൾ സൽമാന്റെ ബൈക്ക് പാർക്ക് ചെയ്ത സ്ഥലത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. അവരിൽ ഒരാൾ മദ്യപിച്ചിരുന്നു. തർക്കം മുറുകിയതോടെ 'ഞങ്ങൾ എന്താണോ പറയുന്നത് അത് അനുസരിക്കുന്നതാണ് നിനക്ക് നല്ലത്' എന്ന് അവർ സൽമാനെ ഭീഷണിപ്പെടുത്തി. തുടർന്ന് അവിടെനിന്ന് പോയ സംഘം ഏതാനും ആളുകളെക്കൂട്ടി വീണ്ടും തിരിച്ചെത്തി. ആൾക്കൂട്ടത്തിൽ മദ്യപിച്ചിരുന്ന ഒരാൾ സൽമാനെ സുഹൈൽ എന്ന മറ്റൊരു വ്യക്തിയായി തെറ്റിദ്ധരിച്ച് മർദിക്കാൻ തുടങ്ങി. സുഹൈലിനെ രക്ഷിക്കാൻ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയ സൽമാനെ സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

ആൾക്കൂട്ടം സൽമാനെ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൽമാന്റെ ചലനമറ്റപ്പോൾ മാത്രമാണ് ആൾക്കൂട്ടം തല്ലുന്നത് നിർത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ശഷം ചിലർ ചേർന്ന് സൽമാനെ എഴുന്നേൽപ്പിച്ച് കുടിക്കാൻ വെള്ളം നൽകി, ഒരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. സമീപത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെനിന്നും സൽമാനെ എത്രയും പെട്ടെന്ന് കൂടുതൽ സൗകര്യമുള്ള സ്വകാര്യാശുപത്രിയിൽ എത്തിക്കാൻ ഡോക്ടർമാർ നിർദേശം നൽകി. രണ്ടാമത്തെ ആശുപത്രിയിലെത്തി സൽമാന്റെ മുറിവുകളെ കുറിച്ച് ഡോക്ടറെ അറിയിക്കുമ്പോഴേക്കും സൽമാൻ മരിച്ചിരുന്നു.

സൽമാന്റെ ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. കണ്ണിന് താഴെയായി കത്തികൊണ്ട് വലിയ മുറിവുണ്ടായിരുന്നു. ചെവി കടിച്ച് പറിച്ചതായും കാണാമായിരുന്നു. കത്തി വച്ച് കുത്തിയത് കിഡ്നിയിൽ പോലും ആഴത്തിൽ മുറിവേൽപ്പിച്ചിരുന്നു. കിഡ്നിയിൽ കത്തി കയറിയതായിരുന്നു സൽമാന്റെ മരണത്തിനുള്ള പ്രധാനകാരണവും.

സൽമാനെ കൂടാതെ മറ്റു രണ്ട് മുസ്‌ലിം യുവാക്കളും ക്രൂരമായി ആക്രമിക്കപ്പെട്ടിരുന്നു. അതിൽ ഒരാൾക്ക് ശരീരത്തിൽ 17 തുന്നുകളും മറ്റൊരാൾക്ക് ഏഴ് തുന്നുകളുമുണ്ട്. മരിച്ചതിന്റെ അടുത്ത ദിവസമാണ് സംഭവത്തിൽ ആനന്ദ് റൂറൽ പോലീസ് കേസ് എടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ ഇതിനോടകം പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാൽ ആക്രമണത്തിന് നേതൃത്വം നൽകിയ വിശാലിനെയും ശക്തിയെയും പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മേഹുൽ ദിനേശ് പരമർ, കിരൺ മഫത് പരമർ, മഹേന്ദ്ര രമേശ് വഗേല, കേതൻ മഹേന്ദ്ര പട്ടേൽ, അക്ഷയ് നരസിംഹ പരമർ, രതിലാല റായ്‌സിങ് പരമർ, വിജയ് മംഗൾ പരമർ, മുകേഷ് രാജേഷ് പരമർ, രാകേഷ് ബാബു പരമർ, വിജയ് ഝാഗൻ പർമാരന്ത് കേതൻ ഭാരത് പരമർ എന്നിവരാണ് ഇപ്പോൾ റിമാന്റിലുള്ളത്.

TAGS :

Next Story