Quantcast

മുഖ്യമന്ത്രിയുടെ ചടങ്ങിൽ ഉറക്കം തൂങ്ങി; ഗുജറാത്തില്‍ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ഉത്തരവാദിത്ത നിർവഹണത്തിൽ ഗുരുതരവീഴ്ചയും അലംഭാവവും അശ്രദ്ധയും കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഭുജ് നഗരസഭയിലെ പ്രധാന ഓഫിസർക്കെതിരെ നടപടി സ്വീകരിച്ചത്

MediaOne Logo

Web Desk

  • Published:

    30 April 2023 10:49 AM GMT

GujaratofficersuspendedfordozingoffatCMsevent, ActionagainstofficerfordozingoffatCMsevent, sleepingatGujaratChiefMinisterBhupendraPatelsevent
X

അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ പരിപാടിയിൽ ഉറക്കം തൂങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി. ഉറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്ത് ഗുജറാത്ത് നഗരവികസന വകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്.

ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജ് നഗരസഭയിലെ ചീഫ് ഓഫിസറായ ജിഗർ പട്ടേലിനെതിരെയാണ് നടപടി. കച്ചിലെ ഭൂകമ്പബാധിതരായ 14,000 കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്ന വേദിയിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സദസിലിരുന്ന് ജിഗർ ഉറക്കം തൂങ്ങിയതിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു.

ഇതു ശ്രദ്ധയിൽപെട്ടാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ നടപടി സ്വീകരിച്ചത്. 1971ലെ ഗുജറാത്ത് സിവിൽ സർവീസ്(അച്ചടക്ക) നിയമം അനുസരിച്ചാണ് ജിഗർ പട്ടേലിനെ സസ്‌പെൻഡ് ചെയ്തതെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു. ഉത്തരവാദിത്ത നിർവഹണത്തിൽ ഗുരുതരവീഴ്ചയും അലംഭാവവും അശ്രദ്ധയും കാണിച്ചതായും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

2001ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ ഇരകളുടെ പുനരധിവാസത്തിന്റെ തുടർച്ചയായിരുന്നു പരിപാടി. ഭൂകമ്പത്തിനുശേഷം വലിയ അളവിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ചടങ്ങിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കച്ചിനോട് പ്രത്യേക സ്‌നേഹവുമുണ്ട്. മോദിയുടെ നേതൃത്വത്തിലാണ് ഒരുപാട് പ്രയാസങ്ങളിൽനിന്ന് കച്ച് ജനത കരകയറിയതെന്നും ഭൂപേന്ദ്ര പട്ടേൽ കൂട്ടിച്ചേർത്തു.

Summary: The chief officer of Bhuj municipality in Kutch district in Gujarat has been suspended for dozing off during a function attended by CM Bhupendra Patel

TAGS :

Next Story