Quantcast

മോദിയുടെ അവസാനിക്കാത്ത വിദ്വേഷ പ്രചാരണങ്ങൾ

സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ആയുധമാക്കി ​ഗുജറാത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ മോദി പ്രധാനമന്ത്രി പദത്തിൽ 10 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിദ്വേഷപ്രചാരണത്തിനപ്പുറം ഒന്നും പറയാനില്ല എന്നതാണ് ഞായറാഴ്ച അദ്ദേഹം രാജസ്ഥാനിൽ നടത്തിയ മുസ് ലിം വിരുദ്ധ പരാമർശം തെളിയിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-04-22 10:06:08.0

Published:

22 April 2024 9:59 AM GMT

hate speech; Kozhikode SIO burnt Modi,,kozhikode,musllims,latest malayalam news
X

​2002ലെ ​ഗുജറാത്ത് വംശഹത്യയിലൂടെയാണ് നരേന്ദ്ര മോദി രാജ്യത്ത് ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രീയക്കാരനായി മാറിയത്. ഇന്നും ദുരൂഹത അവസാനിക്കാത്ത ​ഗോധ്ര ട്രെയിൻ തീവെപ്പിന്റെ പേരിൽ ആസൂത്രിതമായി നടത്തിയ കലാപത്തിൽ മൂന്ന് ദിവസം കൊണ്ട് 2000ൽ അധികം ആളുകളാണ് ​കൊല്ലപ്പെട്ടത്. സംഘ്പരിവാർ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ആയുധമാക്കി ​ഗുജറാത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ മോദി പ്രധാനമന്ത്രി പദത്തിൽ 10 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ വിദ്വേഷപ്രചാരണത്തിനപ്പുറം ഒന്നും പറയാനില്ല എന്നതാണ് ഞായറാഴ്ച അദ്ദേഹം രാജസ്ഥാനിൽ നടത്തിയ മുസ് ലിം വിരുദ്ധ പരാമർശം തെളിയിക്കുന്നത്. മോദി ഫാക്ടർ ഈ തെരഞ്ഞെടുപ്പിൽ കാര്യമായി ഏശില്ലെന്നും ബി.ജെ.പി ഹിന്ദി ഹൃദയഭൂമിയിൽ വലിയ തിരിച്ചടിയുണ്ടാവുമെന്നും റിപ്പോർട്ടുകൾ വന്നതോടെയാണ് മോദി വീണ്ടും വിദ്വേഷപ്രചാരണം പൊടിതട്ടിയെടുത്തത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മൻമോഹൻ സിങ്ങിന്റെ പഴയ പ്രസംഗം മോദി പൊടിതട്ടി പുറത്തെടുത്തത്. മുൻ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വളച്ചൊടിച്ചതിനു പുറമെ കോൺഗ്രസ് പ്രകടനപത്രികയുടെ പേരിൽ കള്ളങ്ങൾ എഴുന്നള്ളിക്കുകയും ചെയ്തു മോദി. കൃത്യമായും മുസ്‌ലിം വിദ്വേഷം ആളിക്കത്തിക്കാനെന്നോണം ആപൽക്കരമായ പരാമർശങ്ങളും ഇതോടൊപ്പം നടത്തി.



കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുണ്ടാക്കുന്നവർക്കും നൽകുമെന്നായിരുന്നു മോദിയുടെ 'മുന്നറിയിപ്പ്'. രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്‍‌ലിംകളാണെന്നാണ് മൻമോഹൻ സിങ് പറഞ്ഞെന്നായിരുന്നു മോദിയുടെ പരാമർശം. സ്ത്രീകളുടെയെല്ലാം സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി കള്ളംപറഞ്ഞു. അധ്വാനിച്ചുണ്ടാക്കിയ നിങ്ങളുടെ സമ്പാദ്യമെല്ലാം നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നൽകണോ എന്ന് ആൾക്കൂട്ടത്തോട് ചോദ്യമെറിയുകയും ചെയ്തു മോദി.

2006 ഡിസംബർ ഒമ്പതിന് നടന്ന നാഷനൽ ഡവലപ്‌മെന്റ് കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് നടത്തിയ പ്രസംഗമാണ് അന്നെന്ന പോലെ ഇന്നും ബി.ജെ.പിയും നരേന്ദ്ര മോദിയും വളച്ചൊടിച്ച് രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നത്. യു.പി.എ സർക്കാരിന്റെ സാമ്പത്തിക മുൻഗണനകൾ വിശദീകരിച്ചു സംസാരിക്കുകയായിരുന്നു മൻമോഹൻ സിങ്. വളച്ചൊടിക്കപ്പെട്ട പരാമർശങ്ങൾ അടങ്ങിയ പ്രസംഗത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്:

''കൃഷി, ജലസേചനം, ജലസ്രോതസുകൾ, ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളിൽ നിർണായക നിക്ഷേപം, പൊതു അടിസ്ഥാന സൗകര്യരംഗങ്ങളിൽ ആവശ്യമായ പൊതുനിക്ഷേപം എന്നിവയ്‌ക്കൊപ്പം പട്ടികജാതി-പട്ടികവർഗക്കാരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള പദ്ധതികൾക്കുമൊക്കെയാണ് നമ്മൾ കൂട്ടായി മുൻഗണന നൽകുന്നതെന്ന കാര്യം വ്യക്തമാണെന്നു ഞാൻ വിശ്വസിക്കുന്നു. പട്ടികജാതിക്കാർക്കും പട്ടിക വർഗക്കാർക്കുമുള്ള(എസ്.സി, എസ്.ടി) ക്ഷേമപദ്ധതികൾ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്. വികസനത്തിന്റെ ഗുണഫലങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും മുസ്‌ലിം ന്യൂനപക്ഷത്തിനു തുല്യ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ട നൂതന പദ്ധതികൾ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഇവർക്കെല്ലാം വിഭവങ്ങൾക്കുമേൽ പ്രാഥമികാവകാശം ഉണ്ടായിരിക്കണം. മൊത്തത്തിലുള്ള വിഭവലഭ്യതയ്ക്കകത്തു വരേണ്ട വേറെയും ഒരുപിടി ഉത്തരവാദിത്തങ്ങൾ കേന്ദ്ര സർക്കാരിനുണ്ട്.''

പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് അന്നും ഒരു വിഭാഗം മാധ്യമങ്ങളും പ്രധാന പ്രതിപക്ഷമായിരുന്ന ബി.ജെ.പിയും വിവാദമാക്കി. മുസ്‌ലിംകൾ രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികളെന്ന് മൻമോഹൻ സിങ് പറഞ്ഞെന്നായിരുന്നു പ്രചാരണം. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു വർഗീയധ്രുവീകരണമുണ്ടാക്കാനുള്ള ബി.ജെ.പി ശ്രമം തിരിച്ചറിഞ്ഞ് അന്നുതന്നെ പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യത്തിൽ വിശദീകരണം നൽകി. മൻമോഹൻ സിങ്ങിന്റെ പ്രസംഗം ബോധപൂർവം വളച്ചൊടിച്ചിരിക്കുകയാണെന്നും അനാവശ്യവിവാദത്തിനു കൂടുതൽ ഇന്ധനം നൽകിക്കൊണ്ട് ഒരു വിഭാഗം ഇലക്ട്രോണിക് മാധ്യമങ്ങളും പരാമർശങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി നൽകിയിരിക്കുകയാണെന്നും അന്നു പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലം മുതൽ വിദ്വേഷ പ്രചാരണം തന്നെയാണ് മോദിയുടെ പ്രധാന ആയുധം. ​ഗുജറാത്തിലെ മുസ് ലിം വംശഹത്യക്ക് പിന്നാലെ ആ മുറിവിൽ ഉപ്പുപുരട്ടുന്ന നിലപാടായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി സ്വീകരിച്ചത്. കലാപാനന്തരം മോദി നടത്തിയ ഗൗരവ് യാത്രയിൽ ഉയർന്ന് കേട്ടത് പലപ്പോഴും വിദ്വേഷ പ്രസംഗങ്ങളായിരുന്നു. മുസ്‍ലിം സമുദായത്തിനെതിരെ വെറുപ്പുൽപ്പാദിപ്പിക്കാൻ മാത്രം ശേഷിയുള്ളതായിരുന്നു അതെല്ലാം.



വീടും നാടും ഉറ്റവരും നഷ്ടമായ മുസ്‍ലിംകൾക്ക് ആവശ്യത്തിന് ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാത്തത് വലിയ തരത്തിൽ വിമർശനവും ചർച്ചയും ആയപ്പോഴാണ് മോദി വിവാദ പ്രസ്താവന നടത്തിയത്. ‘ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? മുസ് ലിംകൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾ നടത്തണോ? കുട്ടികളെ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറികൾ തുറക്കണോ എന്നായിരുന്നു മോദി ചോദിച്ചത്. പരാതികളും കേസുകളും ​പ്രതിഷേധങ്ങളുമൊക്കെയുണ്ടായെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

2002 ലെ കലാപത്തിന് പിന്നാലെ അത് മുതലെടുത്ത് വീണ്ടും അധികാരത്തിലെത്താമെന്ന കണക്കുകൂട്ടലിൽ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന ബിജെപിയുടെ ആവശ്യം നിരസിച്ചതിന് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജെ.എം ലിങ്ദോക്കെതിരെയും മോദി വിദ്വേഷ പരാമർശം നടത്തി. ലിങ്ദോയുടെ ക്രിസ്ത്യൻ പശ്ചാത്തലം എടുത്തു പറഞ്ഞായിരുന്നു അത്. ജെ.എം ലിങ്ദോ എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തെ ജെയിംസ് മൈക്കൽ ലിങ്ദോ എന്ന് വിളിച്ചായിരുന്നു പരാമർശം. അദ്ദേഹം ഇറ്റലിയിൽ നിന്നാണോ വന്നത്, സോണിയ ഗാന്ധിയും ലിങ്ദോയും പള്ളിയിൽ വെച്ച് കണ്ടുമുട്ടുന്നുണ്ടോ എന്നും സൂചിപ്പിച്ചു. പതിവ് പോലെ ചർച്ചകളും പരാതികളുമൊക്കെയുണ്ടായെന്ന് മാത്രം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി കക്ഷി രാഷ്ട്രീയ ഭേദമന്യെ പ്രതിഷേധം അലയടിച്ചപ്പോൾ അതിനെയും മുസ്‌ലിം വിരുദ്ധമാക്കി തിരിച്ചടിക്കാനാണ് മോദി ശ്രമിച്ചത്. സമരക്കാരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്നാണ് അന്ന് മോദി പറഞ്ഞത്. കോൺഗ്രസിനെതിരെയും രൂക്ഷ വിമർശനമാണ് അന്ന് മോദി ഉന്നയിച്ചത്. പാകിസ്താനികൾ ഏറെക്കാലമായി ചെയ്യുന്നതാണ് കോൺഗ്രസ് ചെയ്യുന്നത് എന്നും മോദി പറഞ്ഞിരുന്നു.

2013ൽ റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ഗുജറാത്ത് കലാപത്തിന്റെ ഇരകളെക്കുറിച്ച് മോദി നടത്തിയ പരാമർശവും വലിയ വിവാദമായിരുന്നു. കലാപത്തിൽ താങ്കൾക്ക് വേദനയില്ലേ എന്ത് ചോദിച്ചപ്പോൾ താൻ യാത്ര ചെയ്യുന്ന കാറിനടിയിൽ ഒരു പട്ടിക്കുട്ടി കുടുങ്ങിയാലും തനിക്ക് വേദനിക്കുമെന്നായിരുന്നു മോദിയുടെ മറുപടി.

''ഞാൻ കാറിന്റെ ബാക്ക് സീറ്റിലിരുന്ന യാത്ര ചെയ്യുമ്പോൾ ഒരു പട്ടിക്കുട്ടി ടയറിനടിയിൽ കുടുങ്ങിയാൽ അത് വേദനയുണ്ടാക്കില്ലേ? ഞാനൊരു മുഖ്യമന്ത്രിയാണെങ്കിലും അല്ലെങ്കിലും, ഞാനൊരു മനുഷ്യനാണ്- എവിടെയെങ്കിലും എന്തെങ്കിലും മോശപ്പെട്ട കാര്യം സംഭവിച്ചാൽ എനിക്ക് വിഷമമുണ്ടാകും''- ഇതായിരുന്നു മോദിയുടെ മറുപടി.



കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോഴും വിദ്വേഷ പ്രചാരണവുമായി മോദി രംഗത്തെത്തി. ഹിന്ദുക്കളെ ഭയന്നിട്ടാണ് രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തത്. ഹിന്ദു ഭൂരിപക്ഷ സീറ്റുകളിൽ മത്സരിക്കാൻ രാഹുലിന് പേടിയാണ്. അതുകൊണ്ടാണ് ഹിന്ദുക്കൾ ന്യൂനപക്ഷമായ സീറ്റുകൾ കണ്ടുപിടിച്ച് മത്സരിക്കുന്നതെന്നായിരുന്നു പരാമർശം. ഇതിനെതിരെ കോൺഗ്രസ്​ പരാതി നൽകിയെങ്കിലും തെരഞ്ഞെടുപ്പ്​ കമീഷ​​ൻ മോദിക്ക് ക്ലീൻചിറ്റ് നൽകി പരാതിയിൽ നടപടി അവസാനിപ്പിച്ചു.

2023 ജൂൺ 22 ന് ജോ ബൈഡനുമായി നടത്തിയ വാർത്താസമ്മേളനത്തിൽ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കുന്നത് എന്തുകൊണ്ടാണ്. വിമർശകരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നു, മുസ് ലിംകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉയർത്തിപ്പിടുന്നതിനും എന്ത് നടപടികളാണ് നിങ്ങളും നിങ്ങളുടെ സർക്കാരും സ്വീകരിക്കുന്നതെന്ന ചോദ്യം ​കേട്ടപ്പോഴുള്ള മോദിയുടെ മുഖഭാവങ്ങൾ ​​വൈറലായിരുന്നു. ചോദ്യത്തെ നിഷേധിക്കുകയായിരുന്നു അന്ന് ​മോദി ചെയ്തത്. അതിന് പിന്നാലെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവർത്തകക്ക് നേരെ സംഘ്പരിവാർ ​പ്രൊഫൈലുകളിൽ നിന്ന് വലിയ തോതിൽ സൈബർ ആക്രമണം ഉണ്ടായി.

2023 ൽ പുറത്തുവന്ന ഹിന്ദുത്വ വാച്ചിന്റെ റിപ്പോർട്ട് പറയുന്നത് ഇന്ത്യയിലെ വിദ്വേഷ പ്രസംഗങ്ങളുടെ വർധനവായിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർട്ടിയും അനുബന്ധ കക്ഷികളുമാണെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. 255 വിദ്വേഷ പ്രസംഗങ്ങളിൽ 80 ശതമാനവും മുസ് ലിംകളെ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇതെല്ലാം നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നുവെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു.

2014-ൽ മോദി അധികാരത്തിൽ വന്ന ശേഷം മുസ് ലിം വിരുദ്ധ പ്രസംഗങ്ങൾ വ്യാപകമായെന്നും ആ റിപ്പോർട്ടിലുണ്ടായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പി.യും ബജ്റങ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘടനകളുടെ നേതാക്കളായിരുന്നു ​പ്രസംഗങ്ങൾക്ക് പിന്നിൽ.

മഹാരാഷ്ട്ര, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗങ്ങൾ നടന്നത്. 2023 ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു മുസ്‍ലിം വിരുദ്ധ പ്രസംഗങ്ങൾ നടന്നത്. വിദ്വേഷ പ്രസംഗം മാത്രമല്ല, ബഹിഷ്കരണം, ആക്രമ ആഹ്വാനവും, മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടുള്ള ‘വിദ്വേഷം നിറഞ്ഞതും ലൈംഗികത നിറഞ്ഞതുമായ സംസാരവുമായിരുന്നു ഉണ്ടായിരുന്നത്. പ്രസംഗിച്ചവരിൽ മുഖ്യമന്ത്രിമാരും, നിയമസഭാംഗങ്ങളും ബി.ജെ.പിയിലെ ​മുതിർന്ന നേതാക്കളും ഉണ്ടായിരുന്നു. നടപടിയെടുക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ പോലും പലപ്പോഴും വിദ്വേഷ പ്രചാരണത്തിന്റെ ഭാഗമായി. പ്രധാനമന്ത്രി തന്നെയാണ് ഇത്തരം വെറുപ്പിന്റെ പ്രചാരണങ്ങൾ നേതൃത്വം കൊടുക്കുന്നത് എന്നാണ് ആവർത്തിക്കുന്ന ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.

TAGS :

Next Story