ഗുജറാത്ത് ലഹരിമരുന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു
കഴിഞ്ഞ മാസമാണ് മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍നിന്ന് മൂന്ന് ടണ്‍ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടിച്ചെടുത്തത്
ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തിലെ ലഹരിമരുന്ന് കേസ് എൻ.ഐ.എ ഏറ്റെടുത്തു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി 21,000 കോടിയുടെ ലഹരിമരുന്നാണ് ഗുജറാത്തിലേക്ക് കടത്തിയത്. 2988 കിലോ ഹെറോയിനാണ് കണ്ടൈനറുകളിലുണ്ടായിരുന്നത്.
കഴിഞ്ഞ മാസം മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറുകളിൽ നിന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) 2988.21 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. അഫ്ഗാന്‍ പൗരന്മാർ ഉൾപ്പെടെ ഏഴു പേരാണ് ഇതുവരെ പിടിയിലായത്. ഡൽഹി ആലിപ്പൂരിൽ നിന്നും ഉത്തർപ്രദേശിലെ നോയ്ഡയിൽ നിന്നുമാണ് 5 പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിൽ രണ്ട് അഫ്ഗാന്‍ പൗരന്മാരെ റവന്യു ഇന്‍റലിജൻസ് പിടികൂടുകയായിരുന്നു.
ടാൽക്കം പൗഡറിന്‍റെ അസംസ്‌കൃത വസ്തുക്കളുമായി കൂട്ടിക്കുഴച്ചാണ് മയക്കുമരുന്ന് എത്തിയത്. വിജയവാഡയിൽ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലാണ് കണ്ടയ്നർ എത്തിയത്. കമ്പനി ഉടമകളായ തമിഴ്നാട് മച്ചാവരം സ്വദേശികളായ സുധാകർ, ഭാര്യ വൈശാലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും റവന്യു ഇന്റലിജൻസ് കസ്റ്റഡിയിൽ വാങ്ങി. അവരറിയാതെ കണ്ടയ്നറിൽ മയക്കുമരുന്ന് ഒളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. 3000 കിലോ മയക്കുമരുന്ന് ആദ്യമായിട്ടാണ് രാജ്യത്ത് ഒറ്റയടിക്ക് പിടികൂടുന്നത്. അഫ്‌ഗാനിസ്ഥാനിൽ നിന്ന് മയക്കുമരുന്ന് ഇന്ത്യയിലെത്തിക്കുമ്പോൾ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ വില ഉയരുമെന്നതിനാൽ കള്ളപ്പണം വെളുപ്പിക്കൽ സംഘം പിന്നിലുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
Adjust Story Font
16