ഗുരുഗ്രാമില്‍ നായയുടെ ആക്രമണത്തിനിരയായ സ്ത്രീക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
എംസിജിക്ക് വേണമെങ്കിൽ ഈ നഷ്ടപരിഹാര തുക നായ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു
ഗുരുഗ്രാം: വളർത്തുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീക്ക് 2 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകാൻ ഗുരുഗ്രാം മുനിസിപ്പൽ കോർപ്പറേഷനോട് (എംസിജി) ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. എംസിജിക്ക് വേണമെങ്കിൽ ഈ നഷ്ടപരിഹാര തുക നായ ഉടമയിൽ നിന്ന് ഈടാക്കാമെന്നും ഫോറം അറിയിച്ചു.
കഴിഞ്ഞ ആഗസ്ത് 11നാണ് സ്ത്രീക്ക് വളര്‍ത്തുനായയുടെ കടിയേറ്റത്. വീട്ടുജോലിക്കാരിയായ മുന്നി ഭാര്യാസഹോദരിക്കൊപ്പം ജോലിക്ക് പോകുമ്പോൾ വിനിത് ചികര എന്നയാളുടെ വളര്‍ത്തുനായ ആക്രമിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ മുന്നിയെ ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ സംഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പിറ്റ്ബുള്‍ ഇനത്തില്‍ പെട്ട നായയാണെന്നാണ് രേഖപ്പെടുത്തിയിരുന്നത്. 'ഡോഗോ അര്‍ജന്‍റീനോ' ഇനത്തില്‍ പെടുന്നതാണ് തന്‍റെ നായയെന്ന് ഉടമ പിന്നീട് അറിയിക്കുകയായിരുന്നു.
നായയെ കസ്റ്റഡിയിലെടുക്കണമെന്നും നായയെ വളര്‍ത്താനുള്ള ഉടമയുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഫോറം എം.സി.ജിക്ക് നിര്‍ദേശം നല്‍കി. 11 വിദേശ ഇനത്തില്‍ പെട്ട നായകളെ നിരോധിക്കാനും തെരുവുനായകളെ ഷെല്‍റ്ററിലേക്ക് മാറ്റാനും ഫോറം ഉത്തരവിട്ടു. കേസിൽ ഇരയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സന്ദീപ് സൈനി ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ 20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും എംസിജി, നായ ഉടമ നീതു, ചികര എന്നിവരെ കക്ഷി ചേര്‍ക്കുകയും ചെയ്തിരുന്നു. എല്ലാ കക്ഷികളുടെയും വാദം കേട്ട ശേഷം ഉപഭോക്തൃ കോടതി ചൊവ്വാഴ്ച ജില്ലയിൽ അപകടകാരികളായ 11 ഇനം നായകളെ പൂർണമായും നിരോധിക്കുന്നതിനുള്ള ഉത്തരവിനൊപ്പം ഇരയ്ക്ക് ഇടക്കാല നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവും പുറപ്പെടുവിക്കുകയായിരുന്നു.
അമേരിക്കൻ പിറ്റ്-ബുൾ ടെറിയറുകൾ, ഡോഗോ അർജന്റീനോ, റോട്ട്‌വീലർ, നെപ്പോളിറ്റൻ മാസ്റ്റിഫ്, ബോയർബോൽ, പ്രെസ കാനാരിയോ, വുൾഫ് ഡോഗ്, ബാൻഡോഗ്, അമേരിക്കൻ ബുൾഡോഗ്, ഫില ബ്രസീലീറോ, കെയ്ൻ കോർസോ തുടങ്ങി 11 വിദേശ ഇനത്തില്‍ പെട്ട നായകളെ വളര്‍ത്തുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഈ നായകളെ വളര്‍ത്തുന്നതിന് മുന്‍പ് ലൈസന്‍സ് നല്‍കിയിട്ടുണ്ടെങ്കില്‍ അവ റദ്ദാക്കാനും എംസിജിക്ക് നിര്‍ദേശം നല്‍കി.
Adjust Story Font
16