ഗ്യാൻവാപി മസ്ജിദ്: എ.എസ്.ഐ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ ഉത്തരവിട്ട് കോടതി
ഇരുവിഭാഗങ്ങൾക്കും റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാനും ഉത്തരവ്
വാരാണസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) നടത്തിയ ശാസ്ത്രീയ സർവേ റിപ്പോർട്ട് പരസ്യപ്പെടുത്താൻ വാരാണാസി ജില്ലാകോടതി ഉത്തരവിട്ടു. ഹിന്ദു-മുസ്‍ലിം വിഭാഗങ്ങൾക്ക് സർവെ റിപ്പോർട്ടിന്റെ പകർപ്പുകൾ നൽകാനും ഉത്തരവിൽ പറയുന്നു. സർവെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇരുവിഭാഗങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കാനാവുകയുള്ളു.
ഡിസംബർ 18-നാണ് മുദ്രവച്ച കവറിൽ സർവെ റിപ്പോർട്ട് എഎസ്‌ഐ വാരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ സർവ്വേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് വാരണസി ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. കൃത്യമായ കാരണം പറയാതെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ജില്ലാ ജഡ്ജിയോട് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു.
ജൂലൈ 21ന് ജില്ലാ കോടതി വിധിയെ തുടർന്ന് കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി സമുച്ചയത്തിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയിരുന്നു. 17ാം നൂറ്റാണ്ടിലെ മസ്ജിദ് അതുവരെയും നിലനിന്ന ക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സർവേ.
Adjust Story Font
16