വരാണസിയിലെ ഗ്യാൻവാപി മസ്ജിദ് ഭൂമി കാശി ക്ഷേത്രത്തിന് കൈമാറി
ഗ്യാൻവാപി മസ്ജിദ് കമ്മിറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായ കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഭൂമി കൈമാറിയത്. ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പകരമായി പള്ളിക്കു നല്‍കിയിട്ടുണ്ട്
വരാണസിയിലെ കാശി ക്ഷേത്ര ഇടനാഴി നിര്‍മാണത്തിനായി ഗ്യാൻവാപി മസ്ജിദ് ഭൂമി വിട്ടുനൽകി. പള്ളി കമ്മിറ്റിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നപദ്ധതിക്കായി കാശി വിശ്വനാഥ് ക്ഷേത്രം ട്രസ്റ്റിന് ഭൂമി കൈമാറിയത്. ക്ഷേത്രത്തിനു കീഴിലുള്ള ഭൂമി പകരമായി പള്ളിക്കു കൈമാറിയിട്ടുണ്ട്.
ബാബരി മസ്ജിദ് തകര്‍ത്തതിനു പിറകെ പൊലീസ് കൺട്രോൾ റൂം നിര്‍മിക്കാനായി പാട്ടത്തിനു നൽകിയ പള്ളിയുടെ ഭൂമിയാണ് ഇപ്പോൾ ക്ഷേത്രത്തിന് കൈമാറിയിരിക്കുന്നത്. പള്ളിയിൽനിന്ന് 15 മീറ്റർ ദൂരത്തായി സ്ഥിതി ചെയ്യുന്ന 1,700 ചതുരശ്ര അടി ഭൂമിയാണ് വിട്ടുനൽകിയിരിക്കുന്നത്. കാശി ഇടനാഴി നിർമാണത്തിനായി വിട്ടുനൽകണമെന്ന് കാലങ്ങളായി ക്ഷേത്ര ട്രസ്റ്റ് പള്ളി കമ്മിറ്റിയോട് ആവശ്യപ്പെടുന്ന സ്ഥലം കൂടിയാണിത്. പകരമായി പള്ളിക്കു ലഭിച്ച ഭൂമി 1,000 ചതുരശ്ര അടിയാണുള്ളത്.
പള്ളിയുടെ കോംപൗണ്ടിൽനിന്നു മാറിസ്ഥിതി ചെയ്യുന്ന ഭൂമിയാണ് ക്ഷേത്രത്തിന് കൈമാറിയിരിക്കുന്നതെന്ന് ഗ്യാൻവാപി മസ്ജിദിന്റെ മേൽനോട്ടക്കാരനും അൻജുമൻ ഇൻതിസാമിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ എസ്എം യാസീൻ പ്രതികരിച്ചു. നിലവിൽ ഗ്യാൻവാപി പള്ളിക്കുകീഴിൽ മൂന്നു സ്ഥലങ്ങളുണ്ടെന്നാണ് യാസീൻ പറയുന്നത്. ഒന്ന് പള്ളി സ്ഥിതി ചെയ്യുന്ന ഭൂമിയും മറ്റൊന്ന് പള്ളിക്കും ക്ഷേത്രത്തിനും ഇടയിലുള്ള പൊതു നടപ്പാതയുമാണ്. മൂന്നാമത്തെ ഭൂമി ബാബരി തകർക്കപ്പെട്ട് ഒരു വർഷം കഴിഞ്ഞ് ജില്ലാ ഭരണകൂടത്തിന് കൺട്രോൾ റൂം നിർമിക്കാൻ കൈമാറിയതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുപി സുന്നി വഖഫ് ബോർഡാണ് തങ്ങൾക്ക് ഭൂമി കൈമാറിയതെന്നാണ് കാശി ക്ഷേത്ര ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുനിൽ വർമ പ്രതികരിച്ചത്. ഈ ഭൂമിക്ക് പള്ളിയുമായി ബന്ധമില്ല. വഖഫ് സ്വത്തായതിനാല്‍ വിൽക്കാന്‍ പറ്റാത്തതിനാലാണ് മറ്റൊരു സ്ഥലം നല്‍കി ഭൂമി ഏറ്റെടുത്തതെന്നും സുനിൽ വർമ കൂട്ടിച്ചേർത്തു.
Adjust Story Font
16