യുപിയിൽ ജിം ട്രെയിനർ യുവതിയെ കൊലപ്പെടുത്തി; പ്രചോദനം 'ദൃശ്യ'മെന്ന് വെളിപ്പെടുത്തൽ
'ദൃശ്യം' ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ നാല് മാസം മുമ്പ് വ്യവസായിയുടെ ഭാര്യയെ കൊലപ്പെടുത്തിയ ജിം പരിശീലകന് പ്രചോദനമായത് ബോളിവുഡ് ചിത്രം ദൃശ്യം. കൊല്ലപ്പെട്ട ഏക്താ ഗുപ്തയുടെ മൃതദേഹം ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ താമസിക്കുന്ന ബംഗ്ലാവിന് സമീപമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇത് ചിത്രത്തിൻ്റെ കഥാഗതിയുമായി ചേർന്നു നിൽക്കുന്നു.
ജൂൺ 24നാണ് യുവതിയെ കാണാതായത്. ജിം പരിശീലകനായ വിമൽ സോണി ഭാര്യയോടൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവ് രാഹുൽ ഗുപ്ത ആരോപിച്ചിരുന്നു. ചോദ്യം ചെയ്യലിൽ പരിശീലകൻ കൊലപാതകം സമ്മതിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ച ബംഗ്ലാവുകൾ ഉൾപ്പെടുന്ന സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
'ദൃശ്യം' ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതിലൂടെയാണ് മൃതദേഹം കുഴിച്ചിടാനുള്ള ആശയം ലഭിച്ചതെന്ന് പ്രതി കൂട്ടിച്ചേർത്തു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ദൃശ്യത്തിൻ്റെ ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് നായകൻ. ഈ ഹിന്ദി പതിപ്പാണ് പ്രതി കണ്ടതെന്ന് വെളിപ്പെടുത്തിയത്.
ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നും താൻ വിവാഹം കഴിക്കാൻ പോകുന്നതിൽ യുവതിക്ക് വിഷമമുണ്ടായിരുന്നതായും വിമൽ പറഞ്ഞു. കൊല്ലപ്പെട്ട ദിവസം ഇരുവരും തമ്മിൽ കാറിൽ വെച്ച് വഴക്കുണ്ടായി. ഇതിനിടയിൽ വിമൽ സോണി യുവതിയെ മർദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന ജിമ്മിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വീട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
Adjust Story Font
16