'ആ പണം തീവ്രവാദത്തിന്, ഹലാൽ സർട്ടിഫൈഡ് ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കും'; ബിജെപി എംഎൽഎ
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും താൻ കത്തയക്കുമെന്നും എംഎൽഎ പറഞ്ഞു.
ഭോപ്പാൽ: യു.പിക്ക് സമാനമായി ഹലാൽ സർട്ടിഫിക്കറ്റുള്ള ഭക്ഷണ ഉൽപ്പന്നങ്ങൾ മഹാരാഷ്ട്രയിലും നിരോധിക്കുമെന്ന് ബിജെപി എംഎൽഎ. കൻകാവ്‌ലി മണ്ഡലം എംഎൽഎ നിതേഷ് റാണെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ഹലാൽ സർട്ടിഫിക്കറ്റിനായി സ്വരൂപിക്കുന്ന പണം ഭീകരവാദത്തിനാണ് ഉപയോഗിക്കുന്നതെന്നും റാണെ ആരോപിച്ചു.
ഹലാൽ, ജിഹാദ്, ഹലാൽ ജിഹാദ് എന്നിവയെ ഗൗരവതരമായി കാണുന്നു. ഹലാൽ സർട്ടിഫിക്കറ്റിന്റെ പേരിൽ സ്വരൂപിക്കുന്ന പണം തീവ്രവാദത്തിനാണ് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ തെളിവുകളും ഞങ്ങളുടെ കൈവശമുണ്ട്. ഹലാൽ സർട്ടിഫിക്കറ്റ് ഉൽപ്പന്നങ്ങൾ യു.പിയിൽ നിരോധിച്ചതുപോലെ മഹാരാഷ്ട്രയിലും നിരോധിക്കും. ഞാനതിനെ കുറിച്ച് സംസാരിക്കും- റാണെ പറഞ്ഞു.
രണ്ട് കമ്പനികളാണ് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നത്. അവ രണ്ടും മഹാരാഷ്ട്രയിലാണ്. അവ രണ്ടും നിരോധിക്കണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഞാൻ കത്തയക്കും- എംഎൽഎ കൂട്ടിച്ചേർത്തു.
നവംബർ 18നാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ഹലാൽ സർട്ടിഫിക്കറ്റുള്ള ഉൽപ്പന്നങ്ങൾ നിരോധിച്ചത്. ഹലാൽ സർട്ടിഫൈഡ് ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപ്പന എന്നിവ പൊതുജനാരോഗ്യം മുൻനിർത്തി സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്.
ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ നിർമിക്കുകയോ സംഭരിക്കുകയോ വിതരണം ചെയ്യുകയോ വാങ്ങുകയോ വിൽക്കുകയോ ചെയ്താൽ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വിവിധ ഉത്പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകിയതിന് ലഖ്‌നോവിൽ ബി.ജെ.പി പ്രവർത്തകന്റെ പരാതിയിൽ ഒരു കമ്പനിക്കും മൂന്നു സംഘടനകൾക്കുമെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
Adjust Story Font
16