Quantcast

''ബാങ്കിന്റെ സമയത്തും പള്ളിയുടെ 100 മീറ്റർ പരിധിയിലും ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ അനുവദിക്കില്ല''; കര്‍ശന നടപടിയുമായി മഹാരാഷ്ട്രയിലെ ജില്ലാ ഭരണകൂടം

ഉച്ചഭാഷിണി ഉപയോഗത്തിനുള്ള മാർഗനിർദേശം രണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-04-19 12:30:37.0

Published:

19 April 2022 12:27 PM GMT

ബാങ്കിന്റെ സമയത്തും പള്ളിയുടെ 100 മീറ്റർ പരിധിയിലും ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ അനുവദിക്കില്ല; കര്‍ശന നടപടിയുമായി മഹാരാഷ്ട്രയിലെ ജില്ലാ ഭരണകൂടം
X

മുംബൈ: മേയ് മൂന്നിനകം മുഴുവൻ മതസ്ഥാപനങ്ങളും ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി വാങ്ങണമെന്ന് മഹാരാഷ്ട്രയിൽ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. നാഷിക് ജില്ലാ ഭരണകൂടമാണ് ഉത്തരവിറക്കിയത്. ഇതോടൊപ്പം പള്ളിയുടെ 100 മീറ്റർ പരിസരത്ത് ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ അനുവദിക്കില്ലെന്നും നാഷിക് പൊലീസ് കമ്മീഷണർ ദീപക് പാണ്ഡെ വ്യക്തമാക്കി.

ഉച്ചഭാഷിണിയിലുള്ള ബാങ്ക് നിരോധിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള മഹാരാഷ്ട്ര നവനിർമാൺ സേന(എം.എൻ.എസ്) തലവൻ രാജ് താക്കറെയുടെ മുന്നറിയിപ്പിനു പിന്നാലെയാണ് നാഷിക് പൊലീസ് കമ്മീഷണർ ഉത്തരവിറക്കിയത്. മേയ് മൂന്നിനകം ഉച്ചഭാഷിണിയിലുള്ള ബാങ്ക് നിരോധിച്ചില്ലെങ്കിൽ ഹനുമാൻ ചാലിസയും പ്രക്ഷേപണം ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസയും ഭജനയും പ്രക്ഷേപണം ചെയ്യണമെങ്കിൽ അനുമതി വാങ്ങണമെന്ന് കമ്മീഷണർ ദീപക് പാണ്ഡെ വ്യക്തമാക്കി.

ബാങ്കിന്റെ 15 മിനിറ്റ് മുൻപോ ശേഷമോ ഉച്ചഭാഷിണിയിലുള്ള ഹനുമാൻ ചാലിസ അനുവദിക്കില്ല. പള്ളിയുടെ 100 മീറ്റർ ചുറ്റളവിലും ഇതിന് അനുമതി നൽകില്ല. എല്ലാ മതസ്ഥാപനങ്ങളും മേയ് മൂന്നിനകം ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി വാങ്ങണം. ആരെങ്കിലും ഉത്തരവ് ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കും-ദീപക് പാണ്ഡെ അറിയിച്ചു.

ഉച്ചഭാഷിണി ഉപയോഗത്തിനുള്ള മാർഗനിർദേശം ഒന്നുരണ്ടു ദിവസത്തിനകം പുറത്തിറക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എൻ.സി.പി നേതാവുമായ ദിലീപ് വൽസെ പാട്ടീൽ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില നിരീക്ഷിച്ചുവരികയാണ്. സമാധാനം തകർക്കാൻ ആര് ശ്രമിച്ചാലും ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Summary: Maharashtra district, Nashik, bans Hanuman Chalisa on loudspeakers within 100m of mosques

TAGS :

Next Story