Quantcast

ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ഇന്നലെ രാത്രി മുതൽ പ്രദേശം പൊലീസ് വലയത്തിലാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നമസ്‌കാരം നടക്കുന്ന സമയത്തും പള്ളികളിലേക്ക് കല്ലേറുണ്ടായിരുന്നു.

MediaOne Logo

Web Desk

  • Published:

    17 April 2022 9:08 AM GMT

ഹനുമാൻ ജയന്തി ദിനത്തിലെ സംഘർഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി
X

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ സംഘർഷമുണ്ടായ ഡൽഹി ജഹാംഗീർപുരിയിൽ സുരക്ഷ ശക്തമാക്കി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് ആറുമണിയോടെയായിരുന്നു ജഹാംഗീർപുരിയിൽ സംഘർഷമുണ്ടായത്. ഹനുമാൻ ജയന്തി ഘോഷയാത്രക്ക്‌നേരെ കല്ലേറുണ്ടായി എന്നാരോപിച്ചായിരുന്നു അക്രമം തുടങ്ങിയത്.

ഇന്നലെ രാത്രി മുതൽ പ്രദേശം പൊലീസ് വലയത്തിലാണ്. റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രി നമസ്‌കാരം നടക്കുന്ന സമയത്തും പള്ളികളിലേക്ക് കല്ലേറുണ്ടായിരുന്നു. അക്രമത്തിൽ ഇരുപതോളം ആളുകൾക്കും നിരവധി പൊലീസുകാർക്കും പരിക്കേറ്റിരുന്നു.

ഇപ്പോൾ പ്രദേശത്ത് സ്ഥിതി ശാന്തമാണ്. എങ്കിലും പ്രദേശത്തെ ഗലികളിൽ ആളുകൾ തടിച്ചുകൂടുന്നത് വീണ്ടും സംഘർഷത്തിന് കാരണമാവുമോ എന്ന ആശങ്കയുണ്ട്. ഇവരെ പിടിച്ചുവിടാൻ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഒരു നിലക്കും സംഘർഷം വ്യാപിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. ഇതനുസരിച്ച് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന അടക്കമുള്ളവർ സുരക്ഷ ശക്തമാക്കാൻ നേരിട്ട് രംഗത്തുണ്ട്.

TAGS :

Next Story