ഗ്യാൻവാപി പള്ളി പൊളിക്കാൻ ഹരജി നൽകിയയാൾ അന്തരിച്ചു
ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു.
വാരാണസി: നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച മൂന്നു പേരിൽ അവസാനത്തെയാളും മരിച്ചു. പരാതിക്കാരിൽ ഒരാളായ ഹരിഹർ പാണ്ഡെ(77)യാണ് അന്തരിച്ചത്.
ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അണുബാധയെത്തുടർന്ന് പിതാവിന്റെ നില വഷളായിരുന്നുവെന്ന് ഹരിഹർ പാണ്ഡെയുടെ മകൻ കരൺശങ്കർ പാണ്ഡെ പറഞ്ഞു.
ഹരജിക്കാരിൽ സോമനാഥ് വ്യാസ്, പ്രഫ. രാംരംഗ് ശർമ എന്നിവർ നേരത്തെ മരിച്ചിരുന്നു. ‘ആദി വിശ്വേശ്വര ക്ഷേത്ര’ ഭൂമിയിൽ നിന്ന് ഗ്യാൻവാപി പള്ളി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് 1991ലാണ് സോമനാഥ് വ്യാസും പ്രഫ. രാംരംഗ് ശർമയും ഹരിഹർ പാണ്ഡെയും ചേർന്ന് ഹരജി നൽകിയത്.
ഗ്യാൻവാപി പള്ളിയിൽ നടത്തിയ ശാസ്ത്രീയ സർവേയെക്കുറിച്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് ആദ്യ ഹരജിക്കാരിൽ മൂന്നാമനും മരിക്കുന്നത്. റിപ്പോർട്ട് സമർപ്പിക്കാൻ നവംബർ 30ന് എഎസ്ഐക്ക് കോടതി 10 ദിവസം കൂടി അനുവദിച്ചിരുന്നു.
ആഗസ്റ്റ് നാലിനാണ് ഗ്യാൻവാപിയിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ജൂലൈ 21നാണ് വാരാണസി കോടതി സർവേ നടത്താൻ ഉത്തരവിട്ടത്. 17ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളി മറ്റൊരു ഹിന്ദു ക്ഷേത്രത്തിനു മുകളിലാണ് സ്ഥാപിച്ചതെന്ന വാദത്തേത്തുടർന്നാണ് പരിശോധന നടത്തിയത്.
അഞ്ച് ഹിന്ദു സ്ത്രീകളുടെ ഹരജിയിലാണ് ഗ്യാന്‍വാപിയില്‍ സര്‍വേയ്ക്ക് വാരണാസി കോടതി ഉത്തരവിട്ടത്. ഇതിനെതിരെ പള്ളിക്കമ്മിറ്റി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി തള്ളുകയും ചെയ്തിരുന്നു. നിലവിൽ എട്ടു കേസുകളാണ് ഗ്യാൻവാപിയുടെ അവകാശവാദമുന്നയിച്ച് കോടതിയിലുള്ളത്.
1669ലാണ് മുഗൾ ചക്രവർത്തി ഔറംഗസീബ് പള്ളി നിർമിച്ചത്. അന്നു മുതൽ ഇന്നുവരെ നമസ്കാരം നടക്കുന്നുണ്ട്. പിന്നെയും നൂറുവർഷത്തിലധികം കഴിഞ്ഞ് 1780ലാണ് ഇന്ദോർ രാജ്ഞി അഹല്യ ഹോൽകർ പള്ളിക്ക് തൊട്ടടുത്ത് കാശി വിശ്വനാഥക്ഷേത്രം നിർമിക്കുന്നത്. കാശി വിശ്വനാഥ ക്ഷേത്രം നിൽക്കുന്ന പ്രദേശങ്ങൾ അനവധി ക്ഷേത്രങ്ങൾ നിറഞ്ഞ പ്രദേശമായി മാറിയ് പിന്നെയും ഏറെക്കഴിഞ്ഞാണ്. പള്ളിയുടെ മേലുള്ള അവകാശവാദത്തിന് 86 വർഷം പഴക്കമുണ്ട്.
Adjust Story Font
16