Quantcast

'തടവുകാർക്ക് ജീവിത പങ്കാളികളെ സന്ദർശിക്കാൻ അവകാശം വേണം': പാർലമെന്റിൽ ആവശ്യമുന്നയിച്ച് അഡ്വ.ഹാരിസ് ബീരാൻ

''ശിക്ഷ നൽകൽ മാത്രമല്ല, നവീകരണത്തിന്റെ ഇടം കൂടിയാണ് ജയിലുകൾ. ജീവിതപങ്കാളികളുമായി അടുത്തിടപഴകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അവരുടെ മനോനിലയെ കാര്യമായി ബാധിക്കും''

MediaOne Logo

Web Desk

  • Updated:

    2024-08-10 09:39:44.0

Published:

10 Aug 2024 8:04 AM GMT

Haris Beeran
X

ന്യൂഡല്‍ഹി: ജീവിത പങ്കാളികളെ സന്ദര്‍ശിക്കുന്നതിനായി തടവുകാര്‍ക്ക് അവകാശം കൊടുക്കുന്നത് പരിഗണിക്കണമെന്ന് അഡ്വ.ഹാരിസ് ബീരാന്‍. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതൊരു വിശേഷാധികാരമല്ലെന്നും വ്യക്തിയുടെ അന്തസിന്റെയും പുനരധിവാസത്തിന്റെയും പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.

''ഇണകൾക്ക് പരസ്പരം സഹവസിക്കാനും അടുത്തിടപഴകാനുമുള്ള അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 21ൻ്റെ പരിധിയിൽ, തടവുകാരുടെ ഇത്തരത്തിലുള്ള സന്ദര്‍ശനം വരുമോ എന്നാണ് പരിശോധിക്കേണ്ടത്. വിചാരണ കാത്ത് കഴിയുന്നവര്‍ ഉള്‍പ്പടെ 5,73,220 തടവുകാരാണ് രാജ്യത്തുള്ളത്''- ഹാരിസ് ബീരാന്‍ പറഞ്ഞു.

'ശിക്ഷ നല്‍കല്‍ മാത്രമല്ല, നവീകരണത്തിന്റെ ഇടം കൂടിയാണ് ജയിലുകള്‍. ജീവിതപങ്കാളികളുമായി അടുത്തിടപഴകാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് അവരുടെ മനോനിലയെ കാര്യമായി തന്നെ ബാധിക്കും. നിരാശ, വിഷാദം, പെരുമാറ്റ ദൂഷ്യം എന്നിവയിലേക്കൊക്കെ നയിക്കും. എന്നാല്‍ സന്ദർശനങ്ങൾ അനുവദിക്കുന്നതിലൂടെ കുടുംബബന്ധങ്ങൾ നിലനിർത്താനും വൈകാരികമായൊരും അടുപ്പം സൃഷ്ടിക്കപ്പെടിക്കാനും സഹായിക്കും. ഇക്കാര്യം പുനരധിവാസത്തിന് ഏറെ സഹായകമാകുമെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു.

ജയിലുകൾക്കുള്ളിലെ ലൈംഗിക അതിക്രമങ്ങൾ കുറയ്ക്കാനും മാനസികമായി കരുത്ത് നേടാനും സന്ദര്‍ശനം കൊണ്ട് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡ, സ്പെയിൻ, ജർമ്മനി, യുഎസിലെ ചില സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം അവകാശങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് തടവുകാരുടെ ദാമ്പത്യ അവകാശം(conjugal rights of prisoners)? ഇന്ത്യയില്‍ ഇങ്ങനെ...

ഒരു തടവുകാരനോ തടവുകാരിക്കോ നിയമപരമായ പങ്കാളിയുമായി സ്വകാര്യനിമിഷം അനുവദിക്കുന്നതാണിത്. ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് സമയ പരിധിയുണ്ടാകും. കുടുംബ ബന്ധങ്ങൾ സംരക്ഷിക്കാനും ജയിൽ നിയമ ലംഘനങ്ങള്‍ തടയാനും നടപടി സഹായിക്കും എന്നാണ് ഇതിന് അനുവാദമുള്ള രാജ്യങ്ങള്‍ വ്യക്തമാക്കുന്നത്. ജയിലിൽ നിന്ന് മോചിതനായ ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഒരു തടവുകാരനെ ഇത്തരം സന്ദർശനങ്ങൾ സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എന്നാല്‍ തടവുകാര്‍ക്ക് അവരുടെ ജീവിത പങ്കാളികളെ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന പ്രത്യേക നിയമങ്ങളൊന്നും ഇന്ത്യയിൽ ഇല്ല. 2015ൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഒരു കേസില്‍ ഭാര്യയെ സന്ദര്‍ശിക്കാന്‍ പ്രതിക്ക് അനുമതി നല്‍കിയിരുന്നു. 2018ല്‍ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച തടവുകാരനും മദ്രാസ് ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. ഭാര്യയുടെ ഗര്‍ഭധാരണത്തിന് വേണ്ടിയായിരുന്നു ഇത്. അതേസമയം പഞ്ചാബില്‍ ഇതിന് അനുവാദമുണ്ട്. ഇത്തരത്തില്‍ അനുമതി കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം പഞ്ചാബാണ്. 60 കാരനായ കൊലക്കേസ് പ്രതിയായിരുന്നു ഇതിൻ്റെ ആദ്യ ഗുണഭോക്താവ്.

അന്തേവാസികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും പുനരധിവാസം ഉറപ്പാക്കാനുമാണ് ഈ തീരുമാനമെടുത്തത് എന്നാണ് പഞ്ചാബിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ, ജയിലിൽ നല്ല പെരുമാറ്റം പുലർത്തുന്ന തടവുകാർക്ക് അവരുടെ കുടുംബത്തോടൊപ്പം തുറന്ന ജയിലുകളിൽ കഴിയാൻ അനുവാദിക്കുന്നുണ്ട്. അതേസമയം രാജ്യത്തെ തടവുകാരിൽ ഭൂരിഭാഗവും ഇണകളെ കാണാൻ കഴിയാതെ വർഷങ്ങളോളം കഴിയുന്ന അവസ്ഥയും ഉണ്ട്.

TAGS :

Next Story