ഷവർമയിൽ ഹാനികരമായ ബാക്ടീരിയകൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ
നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു
ബെംഗളൂരു: കർണാടകയിലെ വിവിധ ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷാ പരിശോധന നടത്തി. ഷവർമ സാമ്പിളുകളിൽ മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമായ ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ അധികൃതർ കണ്ടെത്തി. നേരത്തെ പാനി പൂരിയിൽ അർബുദത്തിന് കാരണമായ പദാർഥങ്ങൾ കണ്ടെത്തിയിരുന്നു.
ദി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി (എഫ്എസ്എസ്എ) ഉദ്യോഗസ്ഥർ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ നിന്ന് ഷവർമ സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ മിക്ക സാമ്പിളുകളും ഗുണനിലവാരമില്ലാത്തതും മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരവുമെന്നാണ് കണ്ടെത്തിയത്.
'ശേഖരിച്ച 17 സാമ്പിളുകളിൽ 8 സാമ്പിളുകൾ വൃത്തിഹീനമായ അവസ്ഥയിൽ കണ്ടെത്തി. ഷവർമയുടെ ഈ സാമ്പിളുകളിൽ അനാരോഗ്യകരമായ ബാക്ടീരിയയും യീസ്റ്റിന്റെയും സാന്നിധ്യമുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകൾക്കെതിരെ നടപടിയെടുക്കും.' സംഭവത്തിൽ പ്രതികരിച്ച എഫ്എസ്എസ്എയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ ഉദ്യോഗസ്ഥർ ശേഖരിച്ച പാനി പൂരിയുടെ സാമ്പിളുകളിൽ 22 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ശേഖരിച്ച 260 സാമ്പിളുകളിൽ 41 എണ്ണത്തിൽ കൃത്രിമ നിറങ്ങളും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങളും കണ്ടെത്തി. മറ്റ് 18 സാമ്പിളുകൾ മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് തെളിഞ്ഞു.
ഗോബി മഞ്ചൂരിയൻ, പഞ്ഞി മിഠായി തുടങ്ങിയ വിഭവങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഫുഡ് കളറിങ് ഏജൻ്റായ റോഡാമൈൻ-ബി കർണാടക സർക്കാർ ഇതിനകം നിരോധിച്ചിരുന്നു. വിൽപ്പനക്കാർ ഭക്ഷണശാലകളിൽ ഇത്തരം രാസവസ്തുക്കൾ ഉപയോഗിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി പറഞ്ഞു.
Adjust Story Font
16