ഹിമാചലിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഹരിയാന ബിജെപി അധ്യക്ഷനും ഗായകനുമെതിരെ കേസ്
ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബഡൗലി, ഗായകൻ ജയ് ഭഗവാൻ എന്ന റോക്കി മിത്തൽ എന്നിവർക്കെതിരെയാണ് ഹിമാചൽ പൊലീസ് കേസെടുത്തത്
ഷിംല: യുവതിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷൻ മോഹൻ ലാൽ ബഡൗലിക്കെതിരെ ഹിമാചൽ പ്രദേശിൽ കേസ്. ഗായകൻ ജയ് ഭഗവാൻ എന്ന റോക്കി മിത്തലിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡൽഹി സ്വദേശിനിയാണു പീഡനത്തിനിരയായത്.
2023 ജൂലൈ മൂന്നിന് കസൗലിയിലെ ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്മെന്റ് കോർപറേഷന്റെ(എച്ച്പിടിഡിസി) റോസ് കോമൺ ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം പുറത്തുപറഞ്ഞാൽ ഇരയായ പെൺകുട്ടിയെ കൊല്ലുമെന്ന് ബിജെപി അധ്യക്ഷനും റോക്കി മിത്തലും ഭീഷണിപ്പെടുത്തിയതായും എഫ്‌ഐആറിൽ പറയുന്നു. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഹിമാചൽ പ്രദേശിലെ കസൗലി പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നും മോഹൻ ലാൽ ബഡൗലി പ്രതികരിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ തൊഴിലുടമയ്ക്കും സുഹൃത്തിനുമൊപ്പം ഹിമാചലിലെ ഹോട്ടലിൽ താമസിക്കുമ്പോഴാണ് മോഹൻ ലാൽ ബഡൗലി, റോക്കി മിത്തൽ എന്നിവരെ കണ്ടുമുട്ടിയതെന്ന് പരാതിക്കാരി പറയുന്നു. തനിക്കും സുഹൃത്തിനും സർക്കാർ ജോലി നൽകാമെന്ന് ബഡൗലിയും സംഗീത ആൽബത്തിൽ അഭിനയിക്കാൻ അവസരം തരാമെന്ന് റോക്കി മിത്തലും വാഗ്ദാനം നൽകി. ശേഷം റൂമിലെത്തി തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇരകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയെന്നും ആരോപണമുണ്ട്. നടന്നതെല്ലാം പുറത്തുപറഞ്ഞാൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാം ഭീഷണിയുണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. രണ്ടുമാസംമുൻപ്, ഹരിയാനയിലെ പഞ്ച്കുലയിലേക്ക് വിളിച്ചുവരുത്തി, തങ്ങൾക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാതുയം യുവതി പറഞ്ഞു.
Summary: Haryana BJP chief Mohan Lal Badoli, singer Rocky Mittal booked for gang-rape of Delhi resident in Himachal
Adjust Story Font
16