Quantcast

ഉച്ചക്ക് 1.45ന് ബിജെപി റാലിയിൽ; ഒരു മണിക്കൂറിന് ശേഷം കോൺഗ്രസിൽ ചേർന്ന് ബിജെപി മുൻ എംപി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തൻവർ പഴയ പാർട്ടിയിൽ തിരിച്ചെത്തിയത്.

MediaOne Logo

Web Desk

  • Published:

    3 Oct 2024 12:40 PM GMT

Haryana BJPs Ashok Tanwar campaigns at 1.45 pm, switches to Congress hour later
X

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി റാലിയിൽ പങ്കെടുത്തതിന് പിന്നാലെ കോൺഗ്രസിൽ ചേർന്ന് ബിജെപി മുൻ എംപി. ഇന്ന് ഉച്ചക്ക് 1.45ന് ബിജെപി സ്ഥാനാർഥിക്കായി പ്രചാരണ റാലിയിൽ തൻവർ പങ്കെടുത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞാണ് കോൺഗ്രസ് റാലിയിൽവെച്ച് പാർട്ടി അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് തൻവർ പഴയ പാർട്ടിയിൽ തിരിച്ചെത്തിയത്.

ബിജെപി സ്ഥാനാർഥി രൺധീർ പനിഹറിന്റെ റാലിയിൽ പങ്കെടുത്ത തൻവർ അദ്ദേഹത്തിന് വോട്ട് അഭ്യർഥിച്ച് എക്‌സിൽ പോസ്റ്റിട്ടിരുന്നു. നയാബ് സൈനിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും എക്‌സിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൻവർ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

മഹേന്ദ്രഗഢ് ജില്ലയിലെ കോൺഗ്രസ് റാലിയിൽ രാഹുൽ ഗാന്ധി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ പ്രത്യേക പ്രഖ്യാപനത്തിനായി കാത്തിരിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റുകൾക്കകം തൻവർ വേദിയിലെത്തി. ഈ വർഷം ആദ്യത്തിലാണ് തൻവർ ബിജെപിയിൽ ചേർന്നത്.

ഹരിയാന പിസിസി അധ്യക്ഷനായിരുന്ന തൻവർ മുതിർന്ന നേതാവ് ഭൂപീന്ദർ സിങ് ഹൂഡയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2019ലാണ് കോൺഗ്രസ് വിട്ടത്. തുടർന്ന് തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2022ൽ ആം ആദ്മി പാർട്ടിയിലും ചേർന്നിരുന്നു.

ബിജെപിയിലെ പടലപ്പിണക്കങ്ങൾക്കിടെ ഹരിയാനയിൽ അധികാരം പിടിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസിന് കരുത്ത് പകരുന്നതാണ് തൻവറിന്റെ വരവ്. രാഹുൽ ഗാന്ധിയും ഭൂപീന്ദർ സിങ് ഹൂഡയും ചേർന്നാണ് തൻവറിനെ സ്വീകരിച്ചത്. ഒക്ടോബർ അഞ്ചിന് ഒറ്റഘട്ടമായാണ് ഹരിയാനയിൽ വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണൽ.

TAGS :

Next Story