കർഷക മാർച്ച്: രണ്ട് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കി ഹരിയാന
സിർസയിലെ ചൗധരി ദൽബീർ സിങ് ഇൻഡോർ സ്‌റ്റേഡിയം, ദബ്‌വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്‌റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളാക്കി മാറ്റിയത്.
ന്യൂഡൽഹി: കർഷകർ ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ രണ്ട് വലിയ സ്റ്റേഡിയങ്ങൾ ജയിലുകളാക്കി ഹരിയാന സർക്കാർ. സിർസയിലെ ചൗധരി ദൽബീർ സിങ് ഇൻഡോർ സ്‌റ്റേഡിയം, ദബ്‌വാലിയിലെ ഗുരു ഗോബിന്ദ് സിങ് സ്‌റ്റേഡിയം എന്നിവയാണ് താൽക്കാലിക ജയിലുകളാക്കി മാറ്റിയത്. മാർച്ച് അക്രമാസക്തമായാൽ കർഷകരെ കസ്റ്റഡിയിലെടുത്ത് പാർപ്പിക്കാനാണ് സ്റ്റേഡിയങ്ങൾ ജയിലുകളാക്കിയത്.
മാർച്ച് തടയാനായി ഡൽഹി അതിർത്തിയിൽ സിമന്റ് ബാരിക്കേഡുകളും ഇരുമ്പാണികളും മുള്ളുവേലികളും സ്ഥാപിച്ചു. സുരക്ഷക്കായി ആയിരക്കണക്കിന് പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. ഹരിയാന-പഞ്ചാബ് അതിർത്തി പൂർണമായും സീൽ ചെയ്തു. ഹരിയാനയിലെ ഏഴ് ജില്ലകളിൽ ചൊവ്വാഴ്ചവരെ ഇന്റർനെറ്റ്, ബൾക്ക് എസ്.എം.എസ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. കർഷകമാർച്ച് തടയാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം കടുത്ത വിമർശനമുന്നയിച്ചിരുന്നു.
സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും ചേർന്നാണ് സമരം നയിക്കുന്നത്. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, കൈത്തൽ, ജിന്ദ്, ഹിസാർ,, ഫത്തേഹാബാദ്, സിർസ ജില്ലകളിൽനിന്നാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് നടത്തുക. പ്രതിഷേധം തണുപ്പിക്കാനായി കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ടെ, നിത്യാനന്ദ് റായ് എന്നിവർ ചണ്ഡീഗഢിലെ മഹാത്മാ ഗാന്ധി സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ കർഷകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Adjust Story Font
16