ഇവിടെ എം.എൽ.എമാരോ പൊലീസോ സുരക്ഷിതരല്ല; ഹരിയാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
അപ്പോള്‍ പൊതുജനത്തിന്‍റെ അവസ്ഥ എന്താണ്. വളരെ ദുഃഖകരമായ വാർത്തയാണ്
ഗുരുഗ്രാം: നൂഹിലെ പച്ച്ഗാവിന് സമീപം ഡി.എസ്.പി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ക്വാറി മാഫിയ കൊലപ്പെടുത്തി. ടാവുരു ഡി.എസ്.പി സുരേന്ദര്‍ സിംഗാണ് മരിച്ചത്. ട്രക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു.
തൗഡു കുന്നിൽ അനധികൃത ഖനനം നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സുരേന്ദർ കുമാർ ബിഷ്‌ണോയി തിങ്കളാഴ്ച പ്രദേശത്ത് റെയ്ഡിനു പോയിരുന്നു. ഉച്ചക്ക് 12.10നാണ് സംഭവം. ഡി.എസ്.പി തന്‍റെ ഔദ്യോഗിക വാഹനത്തിന് സമീപം നിൽക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഈസമയം അനധികൃത ക്വാറി വസ്തുക്കളുമായി പോകുന്ന വാഹനത്തിന്‍റെ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ പൊലീസുകാരനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഡ്രൈവര്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
ഡി.എസ്.പിയെ കൊലപ്പെടുത്തിയ ദാരുണമായ സംഭവത്തില്‍ ഹരിയാന പൊലീസ് അനുശോചനം രേഖപ്പെടുത്തി. കുറ്റക്കാരെ ഉടന്‍ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മനോഹർ ലാൽ ഖട്ടാറിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രംഗത്തെത്തി. '' എം.എല്‍ ഖട്ടാര്‍...നിങ്ങള്‍ നമ്മുടെ സംസ്ഥാനത്തെ എന്താണ് ചെയ്തത്. ഇവിടെ എം.എൽ.എമാരോ പൊലീസോ സുരക്ഷിതരല്ല. അപ്പോള്‍ പൊതുജനത്തിന്‍റെ അവസ്ഥ എന്താണ്. വളരെ ദുഃഖകരമായ വാർത്തയാണ്.അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു, കുടുംബത്തിന് എത്രയും വേഗം നീതി ലഭിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു." ഹരിയാന കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Adjust Story Font
16