ഹരിയാനയിൽ കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപി; ആഘോഷ പരിപാടികള്‍ നിര്‍ത്തി കോണ്‍ഗ്രസ് ക്യാമ്പ്
തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ അങ്കത്തിനിറങ്ങിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നില്ല
ചണ്ഡീഗഡ്: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍പറത്തി ഹരിയാനയില്‍ ബിജെപി മുന്നേറ്റം. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയില്‍ അങ്കത്തിനിറങ്ങിയ ബിജെപിക്ക് ഇത്തവണയും നിരാശപ്പെടേണ്ടി വന്നില്ല. വോട്ടെണ്ണലിന്‍റെ തുടക്കത്തിൽ കോൺഗ്രസ് മുന്നിട്ട് നിന്നെങ്കിലും ബിജെപി തിരിച്ചുപിടിക്കുകയായിരുന്നു. 90 അംഗ സഭയിൽ 49 ഇടത്ത് ബിജെപി ലീഡ് ചെയ്യുകയാണ്.
ഭരണവിരുദ്ധ വികാരം തുണയാകുമെന്ന പ്രതീക്ഷയില്‍ എളുപ്പത്തില്‍ ജയിക്കാമെന്ന് കരുതിയ കോണ്‍ഗ്രസിന് അമിത ആത്മവിശ്വാസം വിനയായി. വെറും 35 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. മുന്‍മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും ഗുസ്തിതാരം വിനേഷ് ഫോഗട്ടും ലീഡ് ചെയ്യുന്നുവെന്നുള്ളതാണ് ഏക ആശ്വാസം.
ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ കോണ്‍ഗ്രസിന് 53 മുതല്‍ 65 സീറ്റുകള്‍ വരെ ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. ദൈനിക് ഭാസ്‌കർ പാർട്ടിക്ക് 44 മുതൽ 54 സീറ്റുകൾ വരെ പ്രവചിച്ചിരുന്നു, ബിജെപി 15 മുതൽ 29 വരെ സീറ്റുകൾ നേടുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനം. ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. 67.90 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
Adjust Story Font
16