ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു, ഇവിഎമ്മിലും വോട്ടെണ്ണലിലും പരാതിയെന്ന് കോൺഗ്രസ്
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി
ഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ് രംഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു.
കുറഞ്ഞത് മൂന്ന് ജില്ലകളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഹിസാർ, മഹേന്ദ്രഗഡ്, പാനിപ്പത്ത് ജില്ലകളിൽ നിന്ന് ഇവിഎമ്മിനെതിരെ തുടരെ പരാതികൾ ലഭിച്ചുവെന്ന് പവന്‍ ഖേഡ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ഹരിയാനയിലെ ഫലം അംഗീകരിക്കാൻ സാധിക്കില്ലെന്നും ജയറാം രമേശ് പറഞ്ഞു. അവിടെ പോരാട്ടം അവസാനിച്ചിട്ടില്ല. അത് ഇനിയും തുടരും. അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന അട്ടിമറിയെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും പവന്‍ ഖേഡയും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഹരിയാനയിൽ ഇന്ന് കണ്ടത് കൃത്രിമത്വത്തിൻ്റെ വിജയമാണെന്നും സുതാര്യമായ ജനാധിപത്യ പ്രക്രിയയെ പരാജയപ്പെടുത്തുന്നുവെന്നും ജയറാം പറഞ്ഞു. ജനങ്ങളുടെ ഇഷ്ടം അട്ടിമറിച്ചതിൻ്റെ ആഘോഷമാണ് ഹരിയാനയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 99 ശതമാനം ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ ബിജെപി വിജയിച്ചു. 60 മുതൽ 70 ശതമാനം വരെ ബാറ്ററി കാണിച്ച വോട്ടിങ് മെഷിനുകളിൽ കോൺഗ്രസും. ഇതിൽ കൃത്രിമം സംശയിക്കുന്നതായി കോൺഗ്രസ് വ്യക്തമാക്കി.
Adjust Story Font
16