'മുസ്‍ലിംകളെ തൊടാൻ അനുവദിക്കില്ല'; സംരക്ഷണം നൽകുമെന്ന് കർഷക, ഖാപ് പഞ്ചായത്ത് നേതാക്കൾ
നൂഹ് സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഹിസാറിലെ ബാസിൽ നടന്ന പരിപാടിയിൽ ഹിന്ദു, സിഖ്, മുസ്‌ലിം ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽനിന്നായി 2,000ത്തിലേറെ കർഷകർ പങ്കെടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു
ചണ്ഡിഗഢ്: ഹരിയാനയിലെ കലാപാന്തരീക്ഷം അവസാനിപ്പിക്കാൻ പരിഹാര ആലോചനകളുമായി യോഗം ചേർന്ന് കർഷക, ഖാപ്പ് പഞ്ചായത്ത് നേതാക്കൾ. നൂഹിലെ വർഗീയ ലഹളയ്ക്കു പിന്നാലെയാണ് ഹിസാറിലെ ബാസ് ഗ്രാമത്തിൽ നേതാക്കൾ ഒന്നിച്ചത്. മുസ്‌ലിംകളെ തൊടാൻ ഒരാളെയും അനുവദിക്കില്ലെന്നും അവർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും യോഗത്തിൽ പ്രഖ്യാപനമുണ്ടായതായി 'ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
നൂഹിലെ സംഘർഷത്തിനുശേഷം സംഭവത്തെക്കുറിച്ചു വിലയിരുത്താനും തുടർനടപടികൾക്കുമായി ചേരുന്ന ആദ്യത്തെ പൊതുസംഗമാണു ബുധനാഴ്ച ഹിസാറിൽ നടന്നത്. പരിപാടിയിൽ ഹിന്ദു, മുസ്‌ലിം, സിഖ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽനിന്നായി 2,000ത്തിലേറെ കർഷകർ പങ്കെടുത്തതായി എക്‌സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. മുസ്‌ലിം വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കാനും ഗ്രാമങ്ങളിൽ മുസ്‌ലിംകൾക്കു വിലക്കേർപ്പെടുത്താനും ചില പഞ്ചായത്തുകളുടെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെയാണ് ഹിസാറിലെ സംഗമമെന്ന പ്രത്യേകതയുമുണ്ട്.
'ഇവിടെ മുസ്‌ലിംകളുണ്ട്. ഒരാളെയും അവരെ തൊടാൻ അനുവദിക്കില്ല. എല്ലാ ഖാപ് പഞ്ചായത്തുകൾക്കും അവരുടെ സംരക്ഷണ ഉത്തരവാദിത്തമുണ്ട്'-കർഷക നേതാവും സംഗമത്തിന്റെ സംഘാടകരിൽ ഒരാൾ കൂടിയായ സുരേഷ് കോത്ത് വ്യക്തമാക്കി. ഹിസാറിൽനിന്നുള്ള ഖാപ് നേതാവ് കൂടിയായ സുരേഷ് കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
കാർഷിക വിഷയങ്ങൾ ചർച്ച ചെയ്യാനായി ആഗസ്റ്റ് ഒൻപതിന് ബാസിൽ നേരത്തെ ഒരു സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനിടയിൽ നൂഹിലെ അക്രമസംഭവങ്ങളുണ്ടായതോടെയാണ് അടിയന്തര പ്രാധാന്യം ഇതിനാണെന്നു മനസിലാക്കി ഇത്തരമൊരു പരിപാടി നടത്തിയതെന്ന് സുരേഷ് കോത്ത് പറഞ്ഞു. കർഷകപ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു മൂന്ന് ഹരിയാന ജില്ലകൾക്കു നടുവിലാണ് ബാസ് സ്ഥിതിചെയ്യുന്നത്.
നൂഹിൽ സമാധാനം പുനഃസ്ഥാപിക്കാൻ സംഗമത്തിൽ ആഹ്വാനമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള വർഗീയ ലഹളയുടെയും ഭാഗമാകില്ലെന്നും കർഷകർ പ്രതിജ്ഞയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്ത് കലാപം സൃഷ്ടിച്ചവർക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
Summary: 'No one can touch them': Haryana farmers, khap panchayat leaders vow to protect Muslims after Nuh violence
Adjust Story Font
16