മതപരിവർത്തന നിരോധനബിൽ ഹരിയാന നിയമസഭയിൽ; വൻ പ്രതിഷേധവുമായി പ്രതിപക്ഷം
ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ കോൺഗ്രസ് എം.എൽ.എ രഘുവീർ സിങ്ങിനെ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്ത സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു.
മതപരിവർത്തന നിരോധനബിൽ ഹരിയാന നിയമസഭയിൽ അവതരിപ്പിച്ചു. മതവിവേചനത്തിന് കാരണമാവുന്നതാണ് ബിൽ എന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വൻ പ്രതിഷേധമുയർത്തി. ബജറ്റ് സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ആഭ്യന്തരമന്ത്രി അനിൽ വിജ് ആണ് 'നിയമവിരുദ്ധ മതപരിവർത്തന നിരോധന ബിൽ 2022' സഭയിൽ അവതരിപ്പിച്ചത്.
നിയമം ഒരു മതത്തിനും എതിരല്ലെന്നും നിർബന്ധിത മതപരിവർത്തനം അവസാനിപ്പിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു.
''ഒരു മതത്തേയും ബില്ലിൽ പരാമർശിക്കുന്നില്ല. ബലം പ്രയോഗിച്ചുള്ള മതപരിവർത്തനം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. നിർബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ വിവാഹം കഴിച്ചോ മതംമാറ്റാൻ ആരെയും അനുവദിക്കില്ല''-ഖട്ടാർ പറഞ്ഞു.
ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞ കോൺഗ്രസ് എം.എൽ.എ രഘുവീർ സിങ്ങിനെ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്ത സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ സഭ ബഹിഷ്‌കരിച്ചു.
തെറ്റിദ്ധരിപ്പിക്കൽ, ബലപ്രയോഗം, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വശീകരിക്കൽ അല്ലെങ്കിൽ ഏതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹത്തിലൂടെയോ ഉള്ള മതപരിവർത്തനങ്ങളെ ബിൽ നിരോധിക്കുന്നു. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനായി മാത്രം നടത്തിയ വിവാഹങ്ങൾ അസാധുവായി പ്രഖ്യാപിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
Adjust Story Font
16