Quantcast

ഹരിയാനയി​​ലെ ബീഫിന്റെ പേരിൽ ആൾക്കൂട്ട കൊല: മുസ്‍ലിംകളെ പ്രദേശത്ത് നിന്നൊഴിപ്പിക്കാൻ അക്രമികൾ രഹസ്യ യോഗം ചേർന്നു

ഗോ രക്ഷക് ദളിന്റെ ജില്ലാ പ്രസിഡന്റായ രവീന്ദർ സമിതിയിലെ മറ്റു അംഗങ്ങളോട് മുസ്‍ലിംക​ളെ പ്രദേശത്ത് നിന്ന് അടിച്ചോടിക്കാൻ നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    6 Dec 2024 10:00 AM GMT

haryana,moblynching
X

ന്യൂഡൽഹി: ബീഫ് കഴിച്ചതിന്റെ പേരിൽ ഹരിയാനയിൽ കുടിയേറ്റ തൊഴിലാളിയെ അടിച്ചുകൊന്നതിന് പിന്നിൽ കൃത്യമായ അജണ്ടയെന്ന് അന്വേഷണ റിപ്പോർട്ട്. ആഗസ്റ്റിൽ നടന്ന കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്നും അക്രമികൾ പ്രത്യേകയോഗം ചേർന്നുവെന്നും തെളിയിക്കുന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ടു.

കഴിഞ്ഞ ആഗസ്റ്റ് 27നാണ് ചർകി ദാദ്രിയിലെ ഭദ്രയിൽ താമസിക്കുന്ന 26കാരനായ സാബിർ മാലിക്കിനെ ആൾ​ക്കൂട്ടം കൊലപ്പെടുത്തിയത്. പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളിയായ സാബിർ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുകയും വിൽക്കുകയും ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്.

കുടിലിൽ വെച്ച് ബീഫ് പാചകം ചെയ്യുകയും കഴിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു ആക്രമണം. സബീറിനെ കൊലപ്പെടുത്തുന്നതിന് രണ്ട് ദിവസം മുൻപാണ് യോഗം നടന്നത്. ഗ്രാമങ്ങളിലെ മാംസക്കടകൾ അടച്ചുപൂട്ടുകയും, പ്രദേശത്ത് ചേരികളിൽ താമസിക്കുന്ന മുസ്‍ലിംകളുടെ രേഖകൾ പരിശോധിക്കുകയും ചെയ്യണമെന്നതായിരുന്നു ഗോ രക്ഷക് ദൾ എന്ന പശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന്റെ അജണ്ട.

കൊലപാതകം നടക്കുന്ന ആഗസ്റ്റ് 26ന് മുസ്‍ലിം യുവാക്കളോട് കുടിലുകൾ വിട്ട് പോകാൻ കേസിലെ പ്രധാന പ്രതിയായ രവീന്ദർ ആവശ്യപ്പെട്ടിരുന്നു. അടുത്ത ദിവസം ഗോ രക്ഷക് ദളിന്റെ ജില്ലാ പ്രസിഡന്റായ രവീന്ദർ സമിതിയിലെ മറ്റു അംഗങ്ങളോട് മുസ്‍ലിംക​ളെ പ്രദേശത്ത് നിന്ന് അടിച്ചോടിക്കാൻ നിർദേശം നൽകി. പൊലീസ് മുസ്‍ലിംകൾക്കെതിരെ നടപടികൾ എടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഈ ആക്രമണമെന്ന് ഹരിയാന പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രദേശത്ത് താമസിക്കുന്ന അസമിൽ നിന്നും ബംഗാളിൽ നിന്നുമുള്ള മുസ്‍ലിംകളെ ‘ബംഗ്ലാദേശികൾ’എന്നാരോപിച്ച് ഹിന്ദുത്വ സംഘടനകൾ മുമ്പും ആക്രമിക്കാറുണ്ടായിരുന്നു.

കേസിൽ ആകെ എട്ട് പ്രതികളാണുള്ളത്. യുവാവിന്റെ കൈവശമുണ്ടായിരുന്നത് ബീഫല്ലെന്ന് തെളിയിക്കുന്ന ലാബ് റിപ്പോർട്ട് ഫലം പിന്നീട് പുറത്തുവന്നിരുന്നു. ഗോരക്ഷാഗുണ്ടകളും പ്രതികളുമായ സംഘപരിവാറുകാരെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി നയബ്‌ സിങ്‌ സൈനി രംഗത്തെത്തിയത് വിവാദമായിരുന്നു.

TAGS :

Next Story