Quantcast

'അന്ധനായ മോദി ഭക്തനായിരുന്നു, രാഹുല്‍ എന്നോട് ക്ഷമിക്കൂ'; ബി.ജെ.പിയെ സ്തുതിച്ച് ഗാനങ്ങളിറക്കിയതില്‍ ക്ഷമ ചോദിച്ച് റോക്കി മിത്തല്‍

ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് രാഹുലിനോട് പാട്ടുപാടി മാപ്പ് ചോദിച്ചത്

MediaOne Logo

Web Desk

  • Published:

    30 Aug 2024 6:01 AM GMT

Rocky Mittal
X

ഗുരുഗ്രാം: ''അന്ധനായ മോദി ഭക്തനായിരുന്നു, രാഹുല്‍ എന്‍റെ സഹോദരാ എന്നോട് ക്ഷമിക്കൂ'' ബി.ജെ.പിയെ സ്തുതിച്ച് പാട്ടുകള്‍ ഇറക്കിയതില്‍ രാഹുല്‍ ഗാന്ധിയോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹരിയാന ഗായകനും സംഗീതസംവിധായകനുമായ ജയ് ഭഗവാന്‍ മിത്തല്‍ എന്ന റോക്കി മിത്തല്‍. ഹരിയാനയിലെ ഭരണകക്ഷിയോടുള്ള അതൃപ്തി പ്രകടിപ്പിച്ച മിത്തല്‍ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് രാഹുലിനോട് പാട്ടുപാടി മാപ്പ് ചോദിച്ചത്.

ഞായറാഴ്ച ഹരിയാനയിലെ കൈതാലില്‍ കോൺഗ്രസ് രാജ്യസഭാ എംപി രൺദീപ് സിംഗ് സുർജേവാല അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലാണ് റോക്കി മിത്തല്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ചത്. കഴിഞ്ഞ 14 വർഷത്തിനിടെ താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് 200-ലധികം ഗാനങ്ങളും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി 20-ലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ടെന്ന് മിത്തൽ അവകാശപ്പെടുന്നു.മോദിക്കൊപ്പമുള്ള ചിത്രം മിത്തലിന്‍റെ ഫേസ്ബുക്ക് പേജിന്‍റെ കവര്‍ ഫോട്ടോയായി വച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുകൊണ്ടും മിത്തല്‍ പാട്ടുകളിറക്കിയിരുന്നു. എന്നാല്‍ താനിതില്‍ ദുഃഖിക്കുന്നുവെന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്ന റോക്കി മിത്തല്‍ ഇപ്പോള്‍ പറയുന്നത്.

താൻ രാഹുലിനെതിരെ നൂറുകണക്കിന് ഗാനങ്ങൾ ആലപിക്കുകയും മോശം വാക്കുകൾ ഉപയോഗിക്കുകയും ചെയ്തുവെന്നും എന്നാൽ കോൺഗ്രസ് നേതാവ് തനിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടില്ലെന്നും മിത്തൽ വിശദീകരിച്ചു. ''14 വർഷത്തോളം ഞാൻ ആർക്കുവേണ്ടി നാടുനീളെ നാടുനീളെ അലഞ്ഞുനടന്നോ, അവർ എന്നെ ജയിലിലടച്ചു'' മിത്തല്‍ പറയുന്നു. ‘മോദി ഭക്ത് ഗായകൻ റോക്കി മിത്തൽ’ എന്ന് അറിയപ്പെടാന്‍ ഇഷ്ടപ്പെട്ടിരുന്ന മിത്തലിനെ 2016 ൽ അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പബ്ലിസിറ്റി അഡ്വൈസറായി നിയമിച്ചിരുന്നു. എന്നാൽ, ഗുരുഗ്രാമിലെ ഒരു പരിപാടിയിൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കോടിക്കണക്കിന് രൂപ തട്ടിയതായി മിത്തൽ ആരോപിച്ചതിനെത്തുടർന്ന് 2017 ജനുവരിയിൽ ഒരു വർഷത്തിനുള്ളിൽ അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കി.

എന്നാല്‍ ആ വര്‍ഷം ഡിസംബറില്‍ പുതുതായി സൃഷ്ടിച്ച സെല്ലിൻ്റെ പ്രോജക്ട് ഡയറക്ടറായി മിത്തൽ ഹരിയാന മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മടങ്ങിയെത്തിയെങ്കിലും 2020 ഡിസംബറില്‍ പിരിച്ചുവിട്ടു. 6 വർഷം പഴക്കമുള്ള കേസിൽ 2021 മാർച്ചിൽ മിത്തല്‍ അറസ്റ്റിലാകുകയും ജയിലിലാവുകയും ചെയ്തതിനെ തുടര്‍ന്നാണ് മിത്തലും ബി.ജെ.പിയും തമ്മില്‍ അകന്നത്. ''ഞാനൊരിക്കലും ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. കോണ്‍ഗ്രസിലും ചേര്‍ന്നിട്ടില്ല. ഞാൻ നരേന്ദ്ര മോദിയുടെ ഒരു അന്ധ ഭക്തനായിരുന്നു, ഞാൻ എന്ത് ചെയ്താലും അത് മോദിയോടുള്ള എൻ്റെ അന്ധഭക്തിയുടെ ഫലമാണ്. ഭാവിയിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമാകില്ല. എന്നാൽ, ജനങ്ങളുടെ വലിയ നന്മയ്ക്കായി ഇത്തവണ ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് വിശ്വസിക്കുന്നതിനാൽ ഞാൻ കോൺഗ്രസിനെ പിന്തുണയ്ക്കും'' മിത്തല്‍ ദി പ്രിന്‍റിനോട് പറഞ്ഞു.

“കുറ്റബോധം കാരണം ഞാൻ മിക്ക പാട്ടുകളും യൂട്യൂബിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ, ഞാൻ വിദ്വേഷം പടർത്തുകയാണെന്ന് മനസ്സിലായി. അവരുടെ വിഴുപ്പ് ചുമക്കുന്ന കഴുതയായിരുന്നു ഞാന്‍. മറ്റുള്ളവർ അവരുടെ ചാനലുകളിൽ പോസ്റ്റ് ചെയ്തതുകൊണ്ട് എന്‍റെ നിരവധി ഗാനങ്ങൾ ഇപ്പോഴും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണ്'' ഗായകൻ വ്യക്തമാക്കി. 10 വര്‍ഷം മുന്‍പ് മിത്തല്‍ പുറത്തിറക്കിയ നരേന്ദ്ര മോദി അമൃത്വാനി’ ഗാനം മോദിയെ അടിമുടി പുകഴ്ത്തുന്നതായിരുന്നു. മോദിയുടെ ഭരണത്തെ ശ്രീരാമന്‍റെ ഭരണത്തോട് ഉപമിക്കുന്നതായിരുന്നു മറ്റൊരു ഗാനം. അഴിമതിക്കെതിരായ യുപി മുഖ്യമന്ത്രിയുടെ നീക്കത്തെ പ്രശംസിക്കുന്ന ഗാനമാണ് യോഗി ആദിത്യനാഥിനു വേണ്ടി മിത്തല്‍ പുറത്തിറക്കിയത്.

“എൻ്റെ പാട്ടുകളിൽ രാഹുൽ ഗാന്ധിക്കെതിരെ ഉപയോഗിച്ച വൃത്തികെട്ട വാക്കുകൾ പറയാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. രാഹുലിനെപ്പോലെ മാന്യനായ ഒരു വ്യക്തിയെ അധിക്ഷേപിച്ചതിലൂടെ ഞാൻ വലിയ പാപം ചെയ്തതെന്ന് ഇന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു വ്യക്തി മറ്റൊരാളോട് തെറ്റ് ചെയ്താൽ, തൻ്റെ തെറ്റ് മനസ്സിലാക്കിയാൽ മാപ്പ് പറയാനുള്ള ധാർമിക കടമ അയാൾക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇതാണ് രാഹുലിനോട് ക്ഷമാപണം നടത്താൻ ഞാൻ ഈ ഗാനം ആലപിച്ചത്'' റോക്കി മിത്തല്‍ പറഞ്ഞു. കോണ്‍ഗ്രസ് മികച്ച പാര്‍ട്ടിയാണെന്നും രാഹുല്‍ മുൻകാലങ്ങളിൽ താൻ സേവിച്ചവരേക്കാൾ നല്ല വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വരട്ടെയെന്നും അതിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മിത്തല്‍ വ്യക്തമാക്കി.

TAGS :

Next Story