അരുംകൊല; ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ്ടു വിദ്യാർഥിയെ ഗോരക്ഷാഗുണ്ടകൾ വെടിവെച്ചു കൊന്നു
സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷാഗുണ്ടകളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ഫരീദാബാദ്: പശുക്കടത്തുകാരനെന്ന് ആരോപിച്ച് പ്ലസ് ടു വിദ്യാർഥിയെ ഹരിയാനയിൽ വെടിവെച്ചുകൊന്നു. ഫരീദാബാദ് സ്വദേശിയായ ആര്യൻ മിശ്ര (19) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഗോരക്ഷാഗുണ്ടകളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗസ്റ്റ് 23 നാണ് സംഭവം നടക്കുന്നത്. ആര്യനും നാല് സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തെ 25 കിലോമീറ്റർ പിന്തുടർന്ന ശേഷമാണ് അക്രമികൾ വെടിവെച്ച് കൊന്നത്. 23 ന് രാത്രി സുഹൃത്തുക്കളായ ഹർഷിത്, ഷാങ്കി, രണ്ട് പെൺകുട്ടികൾ എന്നിവർക്കൊപ്പം ഡസ്റ്റർ കാറിൽ ന്യൂഡിൽസ് കഴിക്കാനിറങ്ങിയപ്പോഴാണ് അക്രമണം.
ഡസ്റ്റർ, ഫോർച്യൂണർ തുടങ്ങിയ എസ്.യുവി വാഹനങ്ങളിൽ പശുക്കടത്ത് നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഗോരക്ഷാഗുണ്ടകൾ തിരച്ചിലിനിറങ്ങിയത്. അതിനിടയിലാണ് ആര്യനും സുഹൃത്തുക്കളും സഞ്ചരിക്കുന്ന വാഹനത്തിന് അക്രമി സംഘം കൈകാണിക്കുന്നത്. അക്രമികളെ കണ്ട് ഭയന്ന വിദ്യാർഥികൾ വാഹനം നിർത്തിയില്ല. ഹർഷിത് ആയിരുന്നു വാഹനമോടിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഷാങ്കിയുമായി തർക്കമുണ്ടായവരാണ് അക്രമികളെന്ന് ഭയന്നാണ് വാഹനം നിർത്താതിരുന്നത്.
എന്നാൽ ഗോരക്ഷാഗുണ്ടകൾ ഇവരെ പിന്തുടരുകയായിരുന്നു. 25 കിലോമീറ്റോളം പിന്തുടർന്ന അക്രമികൾ വിദ്യാർഥികളുടെ വാഹനത്തിലേക്ക് വെടിവെക്കുകയായിരുന്നു. പിൻവശത്തെ ഗ്ലാസ് തകർത്തെത്തിയ വെടിയുണ്ട ആര്യന്റെ ശരീരത്തിൽ കൊണ്ടു. ആര്യന് വെടികൊണ്ടതിന് പിന്നാലെ ഹർഷിത് വാഹനം നിർത്തിയെങ്കിലും അക്രമികൾ ആര്യന്റെ നെഞ്ചിന് നേരെ വെടിയുതിർത്തു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.
കാറിൽ സ്ത്രീകളെ കണ്ടതോടെയാണ് ആളുമാറിയെന്ന് തിരിച്ചറിഞ്ഞ അക്രമികൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അനിൽ കൗശിക്, വരുൺ, കൃഷ്ണ, ആദേശ്, സൗരവ് എന്നിവരെ ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കനാലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ അനിലിന്റെ വീട്ടിൽ നിന്ന് തോക്ക് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Adjust Story Font
16