Quantcast

ഹരിയാനയിലെ തോൽവി മഹാരാഷ്ട്രയിലും ചർച്ച; കോൺഗ്രസിനെ വിമർശിച്ചും പ്രതീക്ഷ പങ്കുവെച്ചും ഉദ്ധവ് ശിവസേന

കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിമർശിക്കുമ്പോഴും മഹാരാഷ്ട്രയിൽ ഹരിയാനയിലേത് പോലെ സാഹചര്യം വരില്ലെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Oct 2024 12:39 PM GMT

ഹരിയാനയിലെ തോൽവി മഹാരാഷ്ട്രയിലും ചർച്ച; കോൺഗ്രസിനെ വിമർശിച്ചും പ്രതീക്ഷ പങ്കുവെച്ചും ഉദ്ധവ് ശിവസേന
X

മുംബൈ: ഹരിയാനയിൽ നിന്നും കോൺഗ്രസിനേറ്റ അപ്രതീക്ഷിത തോൽവി മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിലും ചർച്ചയാകുന്നു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ വിമർശിക്കുമ്പോഴും മഹാരാഷ്ട്രയിൽ ഹരിയാനയിലേത് പോലെ സാഹചര്യം വരില്ലെന്നാണ് ശിവസേന ഉദ്ധവ് വിഭാഗം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ 'ഇൻഡ്യ' സഖ്യത്തിന്റെ ഭാഗമായി മത്സരിച്ചവരെ പ്രത്യേകിച്ച് എഎപിയെ കൂടെകൂട്ടിയിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. എന്നാൽ ശിവസേനയുടെ മുഖപത്രമായ 'സാംന' രൂക്ഷ വിമർശനമാണ് കോൺഗ്രസിനെതിരെ ഉന്നയിച്ചത്. പ്രാദേശിക നേതാക്കളെ അമിതമായി വിശ്വസിച്ചതാണ് തിരിച്ചടിയായതെന്ന് സാംന മുഖപ്രസംഗത്തില്‍ എഴുതി. ഭൂപീന്ദർ സിങ് ഹൂഡയുടെ സമീപനം ശരിയായില്ലെന്നും അത് തിരുത്താനോ തടയാനോ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിനായില്ലെന്ന കുറ്റപ്പെടുത്തലുമുണ്ട്. അദ്ദേഹമാണ് ബോട്ട് മുക്കിയത് എന്നാണ് സാംന ആരോപിക്കുന്നത്.

ദലിത് നേതാവ് കൂടിയായ കുമാരി ശെൽജയെ അപമാനിച്ചെന്നും അവരെ കേൾക്കാതെ മുന്നോട്ടുപോയതുമൊക്കെ തിരിച്ചടിയായെന്നും സാംന കുറ്റപ്പെടുത്തി. സാംന കോൺഗ്രസിന്റെ സമീപനങ്ങളെ കുറ്റപ്പെടുത്തിയെങ്കിലും എംപി സഞ്ജയ് റാവത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് പ്രതികരിച്ചത്. ഹരിയാനയിലെ സാഹചര്യങ്ങളല്ല മഹാരാഷ്ട്രയിലേതെന്നും ഹരിയാന ഫലം ഇവിടെയൊരു സ്വാധീനവും ചെലുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഹരിയാനയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് അദ്ദേഹം സഖ്യകക്ഷികളെ ഓർമിപ്പിക്കുകയും ചെയ്തു. ആരും, ആരെക്കാളും വലുതല്ലെന്നും ഒരാളെയും ചെറുതായി കാണരുതെന്നും റാവത്ത് പറഞ്ഞു. കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവം ഉന്നമിട്ടായിരുന്നു റാവത്തിന്റെ ഈ പ്രസ്താവന.

അതേസമയം ഹരിയാനയിലെ തോൽവിയിൽ നിന്നും പാഠമുൾക്കൊണ്ടുള്ള നീക്കങ്ങൾക്കാണ് മഹാവികാസ് അഘാഡി സഖ്യം ഒരുങ്ങുന്നത്. താഴെതട്ടിലേക്ക് തന്നെ ഇറങ്ങി കാര്യങ്ങൾ നോക്കാനാണ് സഖ്യം ശ്രമിക്കുന്നത്. ബിജെപിയുടെ അതിശക്തമായ സംഘടനാ ശേഷിയെ തോൽപിക്കാൻ താഴെതട്ട് മുതൽ പ്രവർത്തിച്ചാലെ കാര്യമുള്ളൂവെന്നും കോൺഗ്രസ് നേതാക്കൾക്ക് സേന വിഭാഗം ഉപദേശം നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച മേൽക്കൈയുടെ മേലായിരുന്നു ഇതുവരെ സഖ്യത്തിലുള്ളവർ. അജിത് പവാറിന്റെ എൻസിപിയാണ് സഖ്യത്തിലെ മറ്റൊരു പാർട്ടി.

ലോക്‌സഭാ തെരഞ്ഞടുപ്പിലെ വിജയം സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരത്തെക്കൂടിയാണ് പ്രതിഫലിപ്പിക്കുന്നതെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ആവർത്തിക്കുമെന്നായിരുന്നു ഇതുവരെ കണക്ക് കൂട്ടിയിരുന്നത്. ഹരിയാനയിലും സമാന സാഹചര്യമായിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ഹരിയാന കൈവിട്ടു. എക്‌സിറ്റ്‌പോളുകൾ മാത്രമല്ല ബിജെപി പോലും കൈവിട്ട സംസ്ഥാനമായിരുന്നു ഹരിയാന, എന്നിട്ടും അവിടെ ബിജെപി വിജയിച്ചത് എങ്ങനെയന്ന് ഇരുന്ന് പഠിക്കുകയാണ് കോൺഗ്രസ് നേതൃത്വം.

അടുത്ത മാസം അവസാനത്തോടെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഹരിയാനയിലെ വിജയം ഭരണപക്ഷമായ മഹായുതി സഖ്യത്തിന് ഊർജമായി. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വാക്കുകളിലും ഇക്കാര്യം പ്രകടമായിരുന്നു.

TAGS :

Next Story