മതവിദ്വേഷം പ്രചരിപ്പിക്കുന്ന ട്വീറ്റ്; തമിഴ്‌നാട്ടിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ
ഈ വർഷം ഫെബ്രുവരിയിലും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്ക് കല്യാണരാമനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
മതവിദ്വേഷം പ്രചരിപ്പിക്കുന്ന കുറിപ്പുകൾ ട്വിറ്ററിൽ പങ്കുവെച്ചതിന് തമിഴ്‌നാട്ടിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. മതങ്ങൾ തമ്മിൽ സംഘർഷമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ വിവിധ മതങ്ങൾക്കെതിരെ ട്വീറ്റ് ചെയ്തതിന് ബി.ജെ.പി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായ കല്യാണരാമനെയാണ് ഞായറാഴ്ച പുലർച്ചെ തമിഴ്നാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
വിവിധ മതങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നിരവധി കുറിപ്പുകളാണ് കല്യാണരാമൻ പങ്കുവെച്ചതെന്ന് പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇത്തരം 18 പോസ്റ്റുകളാണ് ഇയാൾ ട്വിറ്ററിൽ കുറിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഐ.പി.സിയുടെ 153 A വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ ഇസ്‌ലാം വിരുദ്ധ പരാമർശങ്ങളടങ്ങിയ പോസ്റ്റുകളിട്ടതായി ആരോപിച്ച് ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി സഹീർഖാൻ ചെന്നൈ മെട്രോപൊളിറ്റൻ പൊലീസിൽ പരാതിയിലാണ് പൊലീസ് നടപടി. ഇയാൾക്കെതിരെ മറ്റു മുസ്‌ലിം സംഘടനകളും ധർമപുരി ഡി.എം.കെ എം.പി ഡോ. സെന്തിൽകുമാർ, വിടുതലൈ ശിരുതൈകൾ കക്ഷി നേതാവ് അഡ്വ. എം.ഗോപിനാഥ് തുടങ്ങിയവരും പരാതി നൽകിയിരുന്നു. ഞായറാഴ്ച പുലർച്ചെ അഹ്മദാബാദിൽനിന്ന് ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴാണ് കല്യാണരാമനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ വർഷം ഫെബ്രുവരിയിലും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾക്ക് കല്യാണരാമനെ ഗുണ്ടാ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു.
Adjust Story Font
16