'അപകടമുണ്ടായത് താൻ വേദിവിട്ടതിന് ശേഷം, പ്രാർത്ഥിക്കുന്നു'; അനുശോചനവുമായി ഹാഥ്റസിലെ ഭോലെ ബാബ
തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചതിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ആൾദൈവം കുറ്റപ്പെടുത്തി.
ഹാഥ്റസിലെ ദുരന്തത്തിൽ അനുശോചനം അറിയിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി എന്ന ഭോലെ ബാബ. താൻ വേദി വിട്ട് വളരെനേരം കഴിഞ്ഞാണ് അപകടമുണ്ടായതെന്നും ബാബ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് ജീവഹാനി സംഭവിച്ചതിന് പിന്നിൽ സാമൂഹിക വിരുദ്ധരാണെന്നും ആൾദൈവം കുറ്റപ്പെടുത്തി.
'മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു'; നാരായൺ സർക്കാർ ഹരി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
അതേസമയം, ഭോലെ ബാബയുടെ സ്വകാര്യ സുരക്ഷാ സേന ആളുകളെ തള്ളിമാറ്റിയതാണ് ഹാഥ്റാസിൽ ദുരന്തത്തിന് വഴിവെച്ചതെന്ന് ഹാഥ്റാസിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സിക്കന്ദ്ര റാവു ആരോപിച്ചിരുന്നു. ഹാഥ്റസ് ജില്ലാ മജിസ്‌ട്രേറ്റിന് അയച്ച കത്തിലാണ് ആരോപണം.
ചടങ്ങിനിടെ ഭോലെ ബാബയുടെ കാലുപതിഞ്ഞ മണ്ണ് ശേഖരിക്കാൻ ആളുകൾ ഓടിക്കൂടി. ഇയാളുടെ സ്വകാര്യ സുരക്ഷാ സേന മുന്നോട്ട് വന്ന ആളുകളെ തടഞ്ഞു. തള്ളിമാറ്റാൻ തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തരായി പിന്നോട്ട് നീങ്ങാൻ തുടങ്ങി. ഈ തിക്കിലും തിരക്കിലും പലരും താഴെ വീഴുകയും ഇതാണ് അപകടത്തിന് കാരണമായതെന്നുമാണ് എസ്‌ഡിഎം കത്തിൽ വ്യക്തമാക്കുന്നത്.
വേദി വിടാൻ ഒരുങ്ങിയതോടെ അനുഗ്രഹം വാങ്ങാനായി ആളുകൾ ഓടിക്കൂടിയതാണ് തിക്കും തിരക്കും ഉണ്ടാകാൻ കാരണമായത്. ആൾദൈവത്തിൻ്റെ സ്വകാര്യ സുരക്ഷാ ഗാർഡുകളും അനുയായികളും ആളുകളെ തടയാനായി ഇവരെ തള്ളിമാറ്റുകയാണ് ചെയ്തത്. നിരവധി പേർ താഴെ വീണത് ജനങ്ങളെ പരിഭ്രാന്തരാക്കി. ഇവിടെയുണ്ടായിരുന്ന ഒരു ചെരുവിൽ തെന്നി കുറെയധികം ആളുകൾ താഴെ വീണു. പിന്നാലെ വന്ന ആളുകൾ ഇവർക്ക് മുകളിലൂടെയാണ് ഓടിപ്പോയത്. മഴ പെയ്യാത്തതിനാൽ ചെളിയും വെള്ളവുമായിരുന്നു ഈ സ്ഥലത്ത്. ഇവിടെയാണ് ആളുകൾ വഴുതി വീണത്.
പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തെങ്കിലും എഫ്ഐആറിലെ പ്രതികളുടെ പട്ടികയിൽ ഭോലെ ബാബയുടെ പേരില്ല. ഒളിവിലുള്ള ഇയാളുടെ മുഖ്യ അനുയായി ദേവപ്രകാശ് മധുകറിനെ പ്രതി ചേർത്തിട്ടുണ്ട്.
Adjust Story Font
16