'ഞങ്ങള്‍ക്ക് അയാളെ വിശ്വാസമില്ല, ഇനി ഭോലെ ബാബയുടെ സത്സംഗിന് പോകില്ല'; ഹാഥ്റസ് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍
പ്രാര്‍ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച അപകടത്തിനു ശേഷം ഭോലെ ബാബ ഒളിവിലാണ്
ഹാഥ്റസ്: ഹാഥ്റസ് ദുരന്തത്തില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മരിച്ചവരുടെ കുടുംബങ്ങള്‍. പ്രാര്‍ഥനാ ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേര്‍ മരിച്ച അപകടത്തിനു ശേഷം ഭോലെ ബാബ ഒളിവിലാണ്. സത്സംഗിന്‍റെ മുഖ്യസംഘാടകനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ദുരന്തത്തിന് ശേഷം ശനിയാഴ്ച ഭോലെ ബാബ വീഡിയോ സന്ദേശത്തിലൂടെ ഭക്തരെ അഭിസംബോധന ചെയ്തിരുന്നു. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും കുഴപ്പം സൃഷ്ടിച്ച ആരെയും വെറുതെ വിടില്ലെന്ന് വിശ്വാസമുണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം, സംഭവസ്ഥലത്ത് നിന്ന് ബാബ പെട്ടെന്ന് അപ്രത്യക്ഷനായതിനെ തുടർന്ന് പ്രകോപിതരായ അലിഗഡിലെ മരിച്ചവരുടെ കുടുംബാംഗങ്ങൾ, സംഭവ ദിവസം തന്നെ അദ്ദേഹം മുന്നോട്ട് വരേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
"അന്ന് തന്നെ ബാബ മുന്നോട്ടുവരേണ്ടതായിരുന്നു. നാല് ദിവസമായി അദ്ദേഹം ഒളിവിലാണ്. അദ്ദേഹം മുഴുവൻ പ്രപഞ്ചത്തിൻ്റെയും നാഥനാണെങ്കിൽ എന്തിനാണ് മറഞ്ഞിരിക്കുന്നത്? പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ദിവസവും എല്ലാവരെയും കാണുന്നില്ലേ? പിന്നെന്താണ് പ്രശ്നം. ബാബ മണിപ്പൂരിലെ വസതിയില്‍ വിശ്രമിക്കുകയാണ്. ഇത്രയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട അതേ ദിവസം തന്നെ അദ്ദേഹം ജനങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദിക്കേണ്ടതായിരുന്നു.ഞങ്ങൾ ബാബയുടെ സത്സംഗത്തിന് പോകില്ല," അപകടത്തില്‍ മരിച്ച ഒരാളുടെ ബന്ധുവായ ഹൃദേഷ് കുമാർ പറഞ്ഞു. ''എന്തിനാണ് ഇയാൾ ഭയന്ന് ഒളിച്ചോടുന്നത്, ഞങ്ങൾക്ക് ഇനി അയാളെ വിശ്വാസമില്ല, അറസ്റ്റ് ചെയ്യണം'' കുമാർ ആവശ്യപ്പെട്ടു.
പൊലീസ് സമ്മർദ്ദത്തെ തുടർന്നാണ് ബാബ രംഗത്തെത്തിയതെന്ന് മറ്റൊരു ബന്ധുവായ ചന്ദ്രപാൽ സിങ് പറഞ്ഞു. "എല്ലാ സത്സംഗങ്ങളും അവസാനിപ്പിക്കണം. ഇത് വെറും കാപട്യമാണ്. പൊതുജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഇതൊരു നാടകമാണ്. പാപികളായ മറ്റെല്ലാവരും ജയിലിൽ പോകണം" സിംഗ് കൂട്ടിച്ചേര്‍ത്തു. " പലര്‍ക്കും അവരുടെ അമ്മയെയും പെൺമക്കളെയും മരുമക്കളെയും നഷ്ടപ്പെട്ടു. നിരവധി ജീവനുകൾ ഇല്ലാതായി. എല്ലാ വീടുകളില്‍ നിന്നും വിലാപമുയരുന്നു. ഞങ്ങൾ ബാബയെ കുറ്റവാളിയായി കാണുന്നു, ബാബ കുറ്റക്കാരനാണ്. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം" സിങ് വ്യക്തമാക്കി. ബാബയെ താന്‍ ശത്രുവായിട്ടാണ് കാണുന്നതെന്നും അപകട സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ദിവസം മാധ്യമങ്ങളെയെങ്കിലും കാണണമായിരുന്നുവെന്ന് ദുരന്തത്തില്‍ മരിച്ച മറ്റൊരാളുടെ ബന്ധുവായ ശേഖര്‍ പറഞ്ഞു.
ഭോലെ ബാബയുടെ പേരില്‍ മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റിയാണ് സത്സംഗ് സംഘടിപ്പിച്ചത്. ബാബക്കു വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്. അതേസമയം അറസ്റ്റിലായ മുഖ്യപ്രതി ദേവപ്രകാശ് മധുകറിനെ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.
Adjust Story Font
16