Quantcast

ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തില്‍ ഖേദമില്ല: വിനയ് കത്യാര്‍

കർസേവകർ മാതൃകാപരമായ ധൈര്യം കാണിച്ചെന്ന് വിനയ് കത്യാര്‍

MediaOne Logo

Web Desk

  • Updated:

    2021-12-06 10:17:36.0

Published:

6 Dec 2021 10:12 AM GMT

ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തില്‍ ഖേദമില്ല: വിനയ് കത്യാര്‍
X

അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കപ്പെട്ട സംഭവത്തില്‍ തനിക്ക് ഖേദമില്ലെന്ന് ബിജെപി നേതാവും ബജ്‌റംഗ്ദൾ മുൻ കൺവീനറുമായ വിനയ് കത്യാർ. ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് വിനയ് കത്യാര്‍ ഇങ്ങനെ പറഞ്ഞത്.

അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍...

1992 ഡിസംബർ 6ന് അയോധ്യയിൽ പ്രതീകാത്മക 'കർസേവ'യ്‌ക്കായി ബജ്‌റംഗ്ദൾ പ്രവർത്തകർ ഒത്തുകൂടിയപ്പോൾ, എങ്ങനെയാണ് അവിടത്തെ അന്തരീക്ഷം ആകെ മാറിയത്?

പ്രതീകാത്മക കര്‍സേവ ചെയ്യാന്‍ മാത്രമാണ് ബജ്‌റംഗ്ദൾ കേഡർമാരോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഡിസംബർ 6ന് കർസേവകരുടെ ക്ഷമ നശിച്ചു. അയോധ്യയിൽ വീണ്ടും വീണ്ടും ഒത്തുകൂടാൻ തങ്ങളോട് ആവശ്യപ്പെടുന്നത് കാര്യമായ പ്രയോജനം ചെയ്യില്ലെന്ന് അവർക്ക് തോന്നി. സരയൂ നദിയിൽ നിന്ന് മണ്ണ് കൊണ്ടുവന്ന് രാമന്‍റെ ജന്മസ്ഥലമായ തർക്ക ഭൂമിയില്‍ നിക്ഷേപിക്കുന്നതില്‍ കാര്യമില്ല. പ്രകോപിതരായ കർസേവകർ രോഷാകുലരായി മസ്ജിദിന്റെ മുകളിൽ കയറി. ക്ഷേത്രം നിര്‍മിക്കാന്‍ തർക്ക ഭൂമിയിലെ കെട്ടിടം നീക്കേണ്ടത് അനിവാര്യമായിരുന്നു. അതിനാൽ ഒടുവിലത് നീക്കം ചെയ്തു. അതിന്‍റെ ക്രെഡിറ്റ് അന്ന് സന്നിഹിതരായ കർസേവകർക്ക് മാത്രം അവകാശപ്പെട്ടതാണ്. അന്നത്തെ സംഭവത്തില്‍ ആയിരക്കണക്കിന് കർസേവകരും വിവിധ ഹിന്ദു സംഘടനാ നേതാക്കളും ജയിലില്‍ അടയ്ക്കപ്പെട്ടു.

എന്തുകൊണ്ടാണ് കർസേവകർ പെട്ടെന്ന് രോഷാകുലരായത്?

'കർസേവ'യ്‌ക്കായി പലതവണ തങ്ങളെ വിളിപ്പിച്ചതിൽ ആളുകൾ രോഷാകുലരായിരുന്നു. തർക്കസ്ഥലത്ത് ഒത്തുകൂടാൻ പണം ചെലവാക്കിയാണ് അവര്‍ അയോധ്യയിലേക്ക് വന്നുകൊണ്ടിരുന്നത്. എന്നിട്ട് ഒന്നും സംഭവിച്ചില്ല. തര്‍ക്കഭൂമിയിലെ കെട്ടിടം തകർത്തതിന് ശേഷം മാത്രമേ ഇത്തവണ അയോധ്യയുടെ പുറത്തുപോകൂ എന്ന് അവര്‍ തീരുമാനിച്ചു.

1992 ഡിസംബർ 6ന് അയോധ്യയിലെ അന്തരീക്ഷം എങ്ങനെയായിരുന്നു?

1992 ഡിസംബർ 6ന് അയോധ്യയിലെ അന്തരീക്ഷം തികച്ചും വൈകാരികമായിരുന്നു. പള്ളിയുടെ താഴികക്കുടത്തിൽ കയറിയ പല കർസേവകരും വീണുമരിച്ചു. താഴികക്കുടത്തിന്‍റെ ഘടന ദുർബലമായിരുന്നു. എന്നാൽ കർസേവകർ മാതൃകാപരമായ ധൈര്യം കാണിച്ചു. 1992 ഡിസംബർ 6 'ശൗര്യ ദിവസി'ന് സമാനമാണ്. അന്ന് എന്താണ് സംഭവിച്ചതെന്ന് പറയേണ്ടതില്ലല്ലോ. സംഭവബഹുലമായ ആ ദിവസം എന്താണ് സംഭവിച്ചതെന്ന് രാജ്യത്തെ എല്ലാവര്‍ക്കും അറിയാം.

ബാബരി തകർത്ത സംഭവത്തിന് ശേഷം നിരവധി ബിജെപി നേതാക്കൾ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നല്ലോ?

അയോധ്യയിൽ നിന്ന് തർക്കമുള്ള കെട്ടിടം നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇത്തരത്തിൽ നീക്കം ചെയ്യപ്പെടുമെന്ന് ഞങ്ങൾ കരുതിയിരുന്നില്ല. പക്ഷേ ആ സംഭവത്തിൽ എനിക്ക് സങ്കടമൊന്നും തോന്നിയില്ല.

എന്നാൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ ബാബരി മസ്ജിദ് തകർത്തതിൽ ബിജെപിയെ വിമർശിക്കുന്നുണ്ട്?

അതുകൊണ്ടാണ് പ്രതിപക്ഷ പാർട്ടികൾ ശിഥിലമായത്. അവ എവിടെയും കാണാനില്ല. ഭാവിയിൽ അവര്‍ ഇല്ലാതാകും. രാമക്ഷേത്ര നിർമാണം പ്രതിപക്ഷം തടസ്സപ്പെടുത്തി. ജനങ്ങള്‍ അവരെ തള്ളി. ഇത് നിര്‍മാണത്തിന്‍റെ കാലമാണ്.

യുവാക്കളെ രാമജന്മഭൂമി പ്രസ്ഥാനവുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് നിങ്ങള്‍ക്കുണ്ടായിരുന്നത്. ബജ്‌റംഗ്ദളിലൂടെ നിങ്ങൾ എങ്ങനെയാണ് ഈ പ്രസ്ഥാനത്തിലേക്ക് ആളുകളെ അണിനിരത്തിയത്?

1984ൽ ബജ്‌റംഗദൾ രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചപ്പോൾ വളരെയധികം പരിശ്രമിക്കേണ്ടിവന്നു. കാരണം രാജ്യത്തെ ജനങ്ങൾ ഈ പ്രസ്ഥാനത്തോടൊപ്പം വൈകാരികമായി ഭാഗമാകേണ്ടതുണ്ട്, പ്രത്യേകിച്ച് യുവാക്കൾ. ആ സമയത്താണ് ഞങ്ങൾ ബജ്‌റംഗദൾ രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചത്. വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളാണ് ഞങ്ങൾക്ക് ബജ്റംഗ്ദൾ രൂപീകരിക്കാൻ അനുമതി നൽകിയത്. സന്യാസിമാരുടെ അനുഗ്രഹത്തോടെ രൂപീകരിച്ച ബജ്‌റംഗ്ദളിന്റെ മുഖ്യ രക്ഷാധികാരിയായി പരമഹംസ് രാമചന്ദ്ര ദാസ് ജി ചുമതലയേറ്റു. ആ സമയത്ത് ചിലർ ഞങ്ങളെ നോക്കി ചിരിച്ചു, പക്ഷേ ഞങ്ങൾ നന്നായി ആലോചിച്ച് തന്ത്രം മെനഞ്ഞാണ് ഹിന്ദു ഗ്രൂപ്പ് ഉണ്ടാക്കിയത്.

എന്നാൽ ഇപ്പോൾ നിങ്ങളുടെ പാർട്ടി നേതാക്കൾ വീണ്ടും കാശി-മഥുര വിഷയം ഉന്നയിക്കുകയാണോ?

മഥുരയിൽ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഒരു ക്ഷേത്രം ഇതിനകം അവിടെയുണ്ട്. ഞങ്ങളുടെ ഒരേയൊരു ആവശ്യം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായതിനാൽ അവിടെ നിന്ന് പള്ളി നീക്കം ചെയ്യണം, ആ ഭൂമി ഹിന്ദുക്കൾക്ക് നൽകണം എന്നതാണ്. ഭഗവാൻ കൃഷ്ണന്‍ പള്ളിയുടെ അടിയിൽ ഇരിക്കുന്നതിനാൽ ഈ ഭൂമി ഹിന്ദു സമൂഹത്തിന് നൽകണമെന്ന് ഞാൻ മുസ്‍ലിംകളോട് അഭ്യർത്ഥിക്കുന്നു.

രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചപ്പോൾ ബിജെപി എന്താണ് ചിന്തിച്ചത്? താങ്കളുടെ ഈ പ്രസ്ഥാനം വിജയിക്കുമെന്ന് ആ സമയത്ത് പാർട്ടിക്ക് എങ്ങനെ തോന്നി? എത്ര വർഷത്തിനുള്ളിൽ ദൌത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതിയത്?

രാമക്ഷേത്രമെന്ന സ്വപ്നം എത്ര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് പാർട്ടി ഒരിക്കലും കണക്കുകൂട്ടിയിരുന്നില്ല. പക്ഷേ ഞങ്ങൾ തീർച്ചയായും വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. അതെ, കുറച്ച് സമയമെടുത്തു. നിരവധി പേർ രക്തസാക്ഷികളായി. എന്നാൽ ഞങ്ങൾ വിജയിച്ചു. ക്ഷേത്രം പണിയാനുള്ള സമയമായി. ഇപ്പോൾ അയോധ്യയിലേക്ക് പോകുന്ന രാമന്‍റെ ഭക്തരെല്ലാം സന്തോഷത്തിലാണ്.

പാർട്ടിക്കും തൃപ്തിയാണ്. 1984ൽ ഞങ്ങൾ അയോധ്യയിൽ നിന്ന് ലഖ്‌നൗവിലേക്ക് 'പദയാത്ര' നടത്തിയപ്പോൾ ആളുകൾ ഞങ്ങളെ നോക്കി ചിരിച്ചു. എന്നാൽ ആ സമയത്ത് ഞങ്ങൾ ഹിന്ദു സന്യാസിമാരുടെ അനുഗ്രഹം തേടി. കുംഭമേളയല്ലാതെ മറ്റൊരിടത്തും പോകാത്ത നാഗ സന്യാസിമാരും ഇതിന്‍റെ ഭാഗമായി. രാജ്യത്തെ യുവജനങ്ങളും ഉണർന്നു. മുന്നോട്ട് പോകൂ, ഉറക്കെ സംസാരിക്കൂ, രാമന്റെ ജന്മഗൃഹത്തിന്‍റെ പൂട്ട് തുറക്കൂ, ക്ഷേത്രം നിര്‍മിക്കൂ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയർന്നത്.

സുപ്രീംകോടതി ഉത്തരവിന് ശേഷം അയോധ്യയിൽ രാമക്ഷേത്രം നിര്‍മിക്കുന്നു. അതേക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?

സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച്, അയോധ്യയിൽ ശ്രീരാമക്ഷേത്രം പണിയുന്നു എന്നത് വലിയ നേട്ടമാണ്. ഈ ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിൽ എല്ലാ മതങ്ങളിലെയും ജഡ്ജിമാർ ഉൾപ്പെട്ടിരുന്നു. ഇതൊരു നിസ്സാര കാര്യമല്ല. സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷമാണ് ക്ഷേത്രനിര്‍മാണം തുടങ്ങിയത്.

TAGS :

Next Story