'ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ സി.പി.എം പിന്തുണയ്ക്കുന്നുണ്ടെന്നു പറഞ്ഞില്ല'; മലക്കംമറിഞ്ഞ് ദേവഗൗഡ
ദേവഗൗഡയുടെ പ്രസ്താവന അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്
എച്ച്.ഡി ദേവഗൗഡ
ബംഗളൂരു: ബി.ജെ.പിയുമായി സഖ്യം ചേർന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയും സമ്മതത്തോടെയുമാണെന്ന പ്രസ്താവനയിൽനിന്നു മലക്കം മറിഞ്ഞ് ജെ.ഡി.എസ് തലവൻ എച്ച്.ഡി ദേവഗൗഡ. സി.പി.എം ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. താൻ പറഞ്ഞതിനെയോ, പറഞ്ഞ സാഹചര്യത്തെയോ സി.പി.എം നേതാക്കൾ കൃത്യമായി മനസിലാക്കിയില്ലെന്നും ദേവഗൗഡ പ്രതികരിച്ചു.
'സി.പി.എമ്മിനെക്കുറിച്ചുള്ള എന്റെ പ്രസ്താവനയിൽ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ട്. ഞാൻ പറഞ്ഞതിനെയോ പറഞ്ഞ സാഹചര്യത്തെയോ എന്റെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കൾ മനസിലാക്കിയിട്ടില്ലെന്നു തോന്നുന്നു. കേരളത്തിലെ സി.പി.എം ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല.'-ദേവഗൗഡ എക്‌സിൽ കുറിച്ചു.
ബി.ജെ.പിയുമായുള്ള ഞങ്ങളുടെ സഖ്യത്തിനുശേഷം കർണാടകയ്ക്കു പുറത്തെ പാർട്ടി ഘടകങ്ങളുടെ കാര്യത്തിൽ തീരുമാനമാകാത്തതിനാൽ കേരള ഘടകം എൽ.ഡി.എഫ് സർക്കാരിനൊപ്പം നിൽക്കുന്നു എന്നു മാത്രമാണ് ഞാൻ പറഞ്ഞത്. സി.പി.എം നേതാക്കൾ വ്യക്തത തേടുകയോ അല്ലെങ്കിൽ കൃത്യതയോടെ പ്രതികരിക്കുകയോ ചെയ്യണമായിരുന്നുവെന്നും ദേവഗൗഡ കൂട്ടിച്ചേർത്തു.
ബി.ജെ.പിയുമായി സഖ്യം ചേരാൻ പിണറായി വിജയൻ സമ്മതം നൽകിയിട്ടുണ്ടെന്നായിരുന്നു നേരത്തെ ദേവഗൗഡ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ബി.ജെ.പി സഖ്യത്തിൽ എതിർപ്പ് പരസ്യമാക്കിയ ജെ.ഡി.എസ് കർണാടക സംസ്ഥാന പ്രസിഡന്റ് സി.എം ഇബ്രാഹിമിനെ പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെയായിരുന്നു ദേവഗൗഡയുടെ വെളിപ്പെടുത്തൽ. എന്നാൽ, പ്രസ്താവന അസംബന്ധവും വാസ്തവവിരുദ്ധവുമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Summary: ''I never said the CPM in Kerala supports the BJP-JDS alliance'': HD Deve Gowda backtracks from the earlier statement
Adjust Story Font
16