ഡൽഹിയിലെ വി.എച്ച്.പി-ബജ്‌റംഗ്ദൾ റാലി തടയണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല
മലയാളിയും മാധ്യമപ്രവർത്തകനുമായ ഷഹീൻ അബ്ദുല്ലയാണ് റാലി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്
ഡൽഹി: ഹരിയാന സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ നടക്കുന്ന വി.എച്ച്.പി-ബജ്‌റംഗ്ദൾ റാലി തടയണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല. വിദ്വേഷ പ്രസംഗമോ അക്രമങ്ങളോ സംഭവിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി. മലയാളിയും മാധ്യമപ്രവർത്തകനുമായ ഷഹീൻ അബ്ദുല്ലയാണ് റാലി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.
അക്രമം ഉണ്ടാവാതിരിക്കാന്‍ അധിക സേനയെ വിന്യസിക്കണം. കൂടുതൽ സിസിടിവികൾ സ്ഥാപിക്കാനും അക്രമ സാധ്യതാ മേഖലകളിലെ റാലികളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സർക്കാരുകൾക്ക് സുപ്രിംകോടതി നോട്ടീസ് അയച്ചു.
ഹരിയാനയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിപ്പിക്കണമെന്നാണ് വി.എച്ച്.പിയുടെയും ബജ്‌റംഗ്ദളിന്‍റെയും ആവശ്യം. ഹരജിക്കാരുടെ അഭിഭാഷകൻ സി.യു സിങ് ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ ബെഞ്ചിനെ സമീപിച്ച് അടിയന്തര പരിഗണന ആവശ്യപ്പെടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെ സമീപിക്കാൻ ജസ്റ്റിസ് ബോസ് ഹരജിക്കാരനോട് നിർദേശിച്ചു. തുടര്‍ന്ന് ഹരജിക്കാരൻ ചീഫ് ജസ്റ്റിസിനെ സമീപിക്കുകയും ഡൽഹിയിലെ പ്രതിഷേധത്തിന് മാർഗനിർദേശം തേടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് എസ്.വി ഭാട്ടിയും അടങ്ങുന്ന പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി
ഹരിയാനയിലെ സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 6 ആയി. 44 എഫ്ഐആറുകളിലായി 116 പേരെ അറസ്റ്റ് ചെയ്തതായി ഹരിയാന പൊലീസ് അറിയിച്ചു. ഹരിയാനയിലെ നൂഹിൽ ആരംഭിച്ച സംഘർഷം തൊട്ടടുത്ത ജില്ലകളിലേക്ക് കൂടി വ്യാപിക്കുകയായിരുന്നു.
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറുമായി ഫോണിൽ ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തെ നിലവിലെ സാഹചര്യം ചോദിച്ചറിഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില സുരക്ഷിതമാണെന്നും അക്രമികളെ ഒരു കാരണവശാലും വെറുതെ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
ഗുഡ്ഗാവ് ബാദ്ഷാപൂരിലും സെക്ടർ എഴുപതിലും ഇന്നലെ ആൾക്കൂട്ടം കടകൾക്ക് തീയിട്ട സാഹചര്യത്തിൽ ജില്ലയിലെ പെട്രോൾ പമ്പുകളിൽ നിന്നും ബോട്ടിലുകളിൽ പെട്രോൾ നൽകരുത് എന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്ത് സായുധ പൊലീസ് സേന റൂട്ട് മാർച്ച് നടത്തി. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത് എഴുപതിലേറെ പേരാണ്. നൂഹിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയും ഇന്‍റർനെറ്റ് നിരോധനവും ഇന്നും തുടരും.
Adjust Story Font
16