ഉത്തരാഖണ്ഡില്‍ കനത്ത മഴക്ക് ശമനം; മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48ആയി
പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും.
ഉത്തരാഖണ്ഡില്‍ കനത്ത മഴക്ക് ശമനം. മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 48ആയി. നൂറോളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ആയിരത്തിലധികം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. മേഘവിസ്‌ഫോടനത്തിന് ശേഷം മഴ ശക്തിപ്രാപിച്ചതാണ് ഉത്തരാഖണ്ഡില്‍ മരണത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. നിരവധി റോഡുകള്‍ ഒലിച്ചുപോകുകയും പാലങ്ങള്‍ തകരുകയും ചെയ്തു.
മഴ കുറഞ്ഞ സാഹചര്യത്തില്‍ കേദാര്‍നാഥ് തീര്‍ഥയാത്ര പുനരാരംഭിക്കുകയും യമുനോത്രി- ഗംഗോത്രി ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. പ്രളയക്കെടുതി വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും. സംസ്ഥാനത്തുടനീളം വന്‍ നാശനഷ്ടമുണ്ടായതായി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ മേഖലകളിലൊന്നായ കുമയൂണില്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 23 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Adjust Story Font
16