ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം
കനത്ത മഴയെ തുടർന്ന് യുപിയിലെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്
ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
അസം, ഉത്തർപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാണ്. അസമിൽ ഇടിമിന്നൽ, വെള്ളപൊക്കം, മണ്ണിടിച്ചിൽ എന്നിവ മൂലം മരിച്ചവരുടെ എണ്ണം 110 കടന്നു.1,342 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കനത്ത മഴയെ തുടർന്ന് യുപിയിലെ മിക്ക നദികളിലും ജലനിരപ്പ് ഉയർന്നുനിൽക്കുകയാണ്. മഴക്കെടുതി തുടരുന്ന സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി.
മധ്യ മഹാരാഷ്ട്രയിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. 18 മുതൽ 20 വരെ റെഡ് അലർട്ടാണ് ഇവിടങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം തെക്കുപടിഞ്ഞാറൻ മൺസൂൺ ഇന്ത്യയുടെ ഭൂരിഭാഗം മേഖലകളിലും സജീവമാണ്. രാജ്യത്തിന്റെ 80 ശതമാനം മേഖലകളിലും കഴിഞ്ഞ ഒരാഴ്ച്ച മഴ പെയ്തതായാണ് കണക്കുകള്‍.
അസം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തീരദേശ മഹാരാഷ്ട്ര, കർണാടക, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വരും ദിവസങ്ങളിലും മഴ തുടരും.
Adjust Story Font
16