Quantcast

പാകിസ്താനായി ചാരപ്രവർത്തനം നടത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടയാൾ ഇനി ജഡ്ജി

കാൺപൂർ കന്റോൺമെന്റ് വിവരങ്ങൾ ചോർത്തി നൽകിയെന്ന കുറ്റത്തിൽ 2002ലാണ് പ്രദീപ്കുമാർ അറസ്റ്റിലായത്.

MediaOne Logo

Web Desk

  • Published:

    20 Dec 2024 9:33 AM GMT

Held as ‘spy’ and acquitted, Uttar Pradesh man will be judge now
X

കാൺപൂർ: പാകിസ്താനായി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായി രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ അഡീഷണൽ ഡിസ്ട്രിക് ജഡ്ജിയാവാനുള്ള ഒരുക്കത്തിലാണ് കാൺപൂർ സ്വദേശിയായ പ്രദീപ്കുമാർ. ജഡ്ജിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പ്രദീപ്കുമാറിന് കൈമാറണമെന്ന് അലഹബാദ് ഹൈക്കോടതി യുപി സർക്കാരിനോട് നിർദേശിച്ചു.

2002ൽ തന്റെ 24-ാം വയസ്സിലാണ് നിയമ ബിരുദധാരിയായ പ്രദീപ്കുമാർ ചാരക്കേസിൽ അറസ്റ്റിലായത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങിയവയാണ് പ്രദീപ്കുമാറിനെതിരെ ചുമത്തിയിരുന്നത്. 2014ലാണ് കാൺപൂർ കോടതി പ്രദീപ്കുമാറിനെ കുറ്റവിമുക്തനാക്കിയത്.

മിലിട്ടറി ഇന്റലിജൻസും എസ്ടിഎഫും സംയുക്തമായി നടത്തിയ ഓപ്പേറഷനിലാണ് പ്രദീപ്കുമാർ അറസ്റ്റിലായതെന്നാണ് സൈന്യം കാൺപൂർ ജില്ലാ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. നിയമ ബിരുദം നേടിയതിന് ശേഷം എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള മാർഗം തേടുകയായിരുന്നു പ്രദീപ്കുമാർ. അതിനിടെയാണ് ഫോട്ടോസ്റ്റാറ്റ് കട നടത്തുകയായിരുന്ന ഫൈസാൻ ഇലാഹിയെ പരിചയപ്പെടുന്നത്. ഇയാളുടെ നിർദേശപ്രകാരം കാൺപൂർ കന്റോൺമെന്റിനെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പ്രദീപ്കുമാർ കൈമാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഫൈസാൻ പ്രദീപ് കുമാർ 18,000 രൂപ വാങ്ങിയെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

ഗവൺമെന്റിനെതിരെ വെറുപ്പോ വിദ്വേഷമോ പ്രചരിപ്പിച്ചതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2014ൽ കാൺപൂർ കോടതി പ്രദീപ്കുമാറിനെ കുറ്റവിമുക്തനാക്കിയത്. രണ്ട് വർഷത്തിന് ശേഷം 2016ൽ യുപി ഹയർ ജുഡീഷ്യൽ സർവീസ് പരീക്ഷയെഴുതിയ പ്രദീപ്കുമാറിന് 27-ാം റാങ്ക് ലഭിച്ചു. 2017 ആഗസ്റ്റ് 18ന് റാങ്ക് ലിസ്റ്റിലുള്ളവരെ ജഡ്ജിമാരായി നിയമിക്കാൻ അലഹബാദ് ഹൈക്കോടതി നിർദേശിച്ചെങ്കിലും പ്രദീപ്കുമാറിന് മാത്രം നിയമനം ലഭിച്ചില്ല.

ഇത് ചോദ്യം ചെയ്ത് 2017 ആഗസ്റ്റിൽ പ്രദീപ്കുമാർ ഹൈക്കോടതിയെ സമീപിച്ചു. രണ്ടാഴ്ചക്കുള്ളിൽ ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താനും ബന്ധപ്പെട്ട വിഭാഗങ്ങളുമായി ആലോചിച്ച് തീരുമാനമെടുക്കാനും കോടതി നിർദേശിച്ചു. എന്നാൽ വിഷയം പരിശോധിച്ച സർക്കാർ 2019 സെപ്റ്റംബർ 26ന് പ്രദീപ്കുമാറിന് നിയമനം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് ചോദ്യം ചെയ്ത് പ്രദീപ്കുമാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് 2025 ജനുവരി 15നുള്ളിൽ പ്രദീപ്കുമാറിനെ ജഡ്ജിയായി നിയമിക്കണമെന്ന് കോടതി നിർദേശിച്ചത്.

ഹരജിക്കാരൻ ഏതെങ്കിലും വിദേശ രഹസ്യാന്വേഷണ ഏജൻസിക്കായി പ്രവർത്തിച്ചുവെന്ന് തീരുമാനിക്കാൻ സർക്കാരിന്റെ കയ്യിൽ ഒരു തെളിവുമില്ല. അദ്ദേഹം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു എന്നതിന് ഒരു പ്രാധാന്യവുമില്ല. ഒരാൾ കുറ്റം ചെയ്തതായി സംശയമുയർന്നത് ഒരു കുറ്റമല്ല. അഭിമാനകരമായി കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരാളെ സംശയമുനയിൽ നിർത്തരുത്. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും വ്യത്യസ്തമായ രീതിയിൽ ഒരു പൗരൻ ശിക്ഷിക്കപ്പെടുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന നിയമവാഴ്ചക്ക് എതിരാണെന്നും കോടതി പറഞ്ഞു.

TAGS :

Next Story